പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല റോപ് വേ പദ്ധതിക്കായി അഞ്ച് ഹെക്ടർ വനഭൂമി വേണമെന്നും 250 മരങ്ങൾ മുറിച്ച് മാറ്റേണ്ടി വരുമെന്നും  പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്. പദ്ധതിയിലൂടെ വിനോദ സഞ്ചാരികളെ ശബരിമലയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, മഹാപ്രളയത്തെപ്പറ്റി ആഘാത പഠന റിപ്പോർട്ടിൽ പരാമർശമില്ല. റിപ്പോർട്ടിനെതിരെ വനംവകുപ്പ് രംഗത്തെത്തി.

ശബരിമല റോപ് വേ പദ്ധതി ഏറ്റെടുത്ത പതിനെട്ടാംപടി ദാമോധർ കേബിൾ കാർ കമ്പനിക്കായി ദില്ലി ആസ്ഥാനമായുള്ള പെർഫാക്ടോ എൻവൈറോ സൊല്യൂഷൻസ് ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. 50 കോടി രൂപ ചിലവിൽ 2.7 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതിക്ക് അഞ്ച് ഹെക്ടർ വനഭൂമി  വേണ്ടിവരും. 250 മരങ്ങൾ  മുറിച്ച് മാറ്റണം. വിനോദ സഞ്ചാരികളെ ശബരിമലയിലേക്ക് ആകർഷിക്കാമെന്നും അടിയന്തര സാഹചര്യത്തിൽ തീർത്ഥാടകരെ മാറ്റാമെന്നതും പദ്ധതിയുടെ നേട്ടമായി കാണിക്കുന്നു. 

കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും. തൊഴിൽ സാധ്യത സൃഷ്ടിക്കാനും കഴിയും. പദ്ധതി വരുന്ന റാന്നി താലൂക്ക് മണ്ണിടിച്ചിൽ, പ്രളയ സാധ്യത കുറഞ്ഞ മേഖലയാണെന്ന് രേഖപെടുത്തിയിരിക്കുന്നു. പരിസ്ഥിതി സൗഹൃദമാണെന്നും, കുറഞ്ഞ അളവിലുള്ള മാലിന്യങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് മലിനീകരണ നിയന്ത്രണ ബോർഡ് ജനഹിത പരിശോധന നടത്തേണ്ടത്. എന്നാൽ പെരിയാർ ടൈഗർ റിസർവ്വിൽ പഠനം നടത്താതെ തട്ടിക്കൂട്ടിയതാണ് റിപ്പോർട്ടെന്ന് വനം വകുപ്പ് ആരോപിച്ചു.

വനംവകുപ്പിന്‍റെ എതിർപ്പ് പദ്ധതിക്ക് തിരിച്ചടി ആകും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പ്രളയ സാധ്യത കുറഞ്ഞ മേഖലയിലാണ് പദ്ധതിയെന്ന് പറയുന്നു. എന്നാൽ 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തെകുറിച്ചോ നാശനഷ്ടങ്ങളെകുറിച്ചോ റിപ്പോർട്ടിൽ  പരാമർശമില്ല.