ശബരിമലയിൽ കുഴഞ്ഞുവീണു മരിച്ച തീര്‍ത്ഥാടകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും സഹായം ലഭിച്ചില്ല. മല കയറ്റത്തിനിടെ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹം ദേവസ്വം ബോർഡിന്‍റെ ചിലവിലാണ് നാട്ടിൽ എത്തിച്ചു നൽകുന്നത്.
പത്തനംതിട്ട: ശബരിമലയിൽ കുഴഞ്ഞുവീണു മരിച്ച തീര്‍ത്ഥാടകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും സഹായം ലഭിച്ചില്ല. മല കയറ്റത്തിനിടെ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹം ദേവസ്വം ബോർഡിന്‍റെ ചിലവിലാണ് നാട്ടിൽ എത്തിച്ചു നൽകുന്നത്. സംസ്ഥാനത്തു അകത്തേക്ക് ആണെങ്കിൽ 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലേക്കാണെങ്കിൽ ഒരു ലക്ഷം വരെ ആംബുലൻസിനുള്ള തുകയായി അനുവദിക്കാറുണ്ട്. എന്നാൽ, ഈ സഹായം ലഭിച്ചില്ലെന്നാണ് പരാതി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതി (58) ആണ് പമ്പയിൽ നിന്ന് നീലിമല കയറുന്നതിനിടെ അപ്പാച്ചിമേട് ഭാഗത്ത് വെച്ച് കുഴഞ്ഞുവീണത്. തിരക്കിനിടെയാണ് സതി കുഴഞ്ഞുവീണത്.
പമ്പയിൽ നിന്ന് ആംബുലന്‍സിനുള്ള സഹായം ലഭിച്ചില്ല. പമ്പയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. പത്തനംതിട്ട എത്തിയപ്പോഴും സഹായം ലഭിച്ചില്ലെന്നാണ് പരാതി. സ്വന്തം നിലയിൽ മൊബൈൽ മോര്‍ച്ചറിയടക്കം സംഘടിപ്പിച്ച് ആംബുലന്‍സിൽകൊണ്ടുപോവുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.അതേസമയം, വിഷയത്തിൽ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇടപെട്ടു. മൃതദേഹം കൊണ്ടുപോകാനുള്ള ചെലവ് ദേവസ്വം ബോർഡ് വഹിക്കേണ്ടതായിരുന്നുവെന്നും വീഴ്ച പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡൻറ് ശ്രദ്ധയിൽപ്പെടുത്തുമെന്നും പണം ദേവസ്വം ബോർഡിനെ കൊണ്ട് അനുവദിപ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു. പത്തനംതിട്ടവരെയാണ് ദേവസ്വത്തിന്‍റെ സഹായം ലഭിച്ചതെന്നും അതിനുശേഷം സ്വന്തം നിലയിൽ ആംബുലന്‍സ് വിളിച്ചാണ് കോഴിക്കോട്ടേക്ക് പോയതെന്നും വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അതേസമയം, സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും ദേവസ്വം ബോര്‍ഡിന്‍റെ ചെലവിൽ തന്നെ മൃതദേഹം വീട്ടിലെത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു.
ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ
ശബരിമലയിൽ വൻതിരക്കാണ് അനുഭപ്പെടുന്നത്. ഇന്ന് പുലര്‍ച്ചെ മുതൽ തന്നെ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 1,96,594 പേരാണ് ദർശനത്തിനായി എത്തിയത് .വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് ( വൃശ്ചികം 1) 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയത്. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ് ശബരിമലയിൽ ദർശന സമയം.




