തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്ന് നാലു മണിക്ക് തന്നെ തുറക്കുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്. നടതുറന്നശേഷം സ്വര്‍ണപ്പാളികള്‍ ശബരിമല ശ്രീകോവിലിന്‍റെ മുന്നിൽ ഇരുവശങ്ങളിലുമായുള്ള ദ്വാരപാലക ശിൽപ്പത്തിലാണ് സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചത്. ആദ്യം വലതുവശത്തെ ശിൽപ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശിൽപ്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു. സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനസ്ഥാപിച്ചത്.രണ്ടു ദ്വാരപാലക ശിൽപ്പങ്ങളിലുമായി 14 സ്വര്‍ണപ്പാളികളാണ് പുനസ്ഥാപിച്ചത്. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനിടെയും ഭക്തര്‍ അയ്യപ്പ ദര്‍ശനം നടത്തി. ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നാളെ നടക്കും.
എതിർപ്പുമായി തന്ത്രി സമാജവും യോഗക്ഷേമസഭയും
അതേസമയം, ദ്വാരപാലക ശില്പങ്ങളുടെ പാളികൾ പുനസ്ഥാപിക്കുന്നതിനെതിരെ തന്ത്രി സമാജവും യോഗക്ഷേമ സഭയും രംഗത്തെത്തി. സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ ദ്വാരപാലക ശിൽപ്പങ്ങള്‍ പുനസ്ഥാപിക്കുന്നത് അനുചിതം എന്ന് തന്ത്രി സമാജം അഭിപ്രായപ്പെട്ടു.ദേവപ്രശ്നം ഉൾപ്പെടെ നടത്തേണ്ടതുണ്ട്. ഭക്തജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പുനസ്ഥാപിക്കുന്നത് ശരിയല്ലെന്ന് യോഗ ക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.



