ഇന്ന് ഉച്ച വരെ ഇരുപത്തിയയ്യായിരത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തി. അറുപതിനായിരത്തോളം പേരാണ് ഇന്ന് വിർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. പരാതികളില്ലാത്ത മണ്ഡലകാലം ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സന്നിധാനം: വൃശ്ചിക പുലരിയില്‍ അയ്യപ്പ ദർശനത്തിനായി ശബരിമലയില്‍ ഭക്തജനത്തിരക്ക്. ഇന്ന് ഉച്ച വരെ ഇരുപത്തിയയ്യായിരത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തി. അറുപതിനായിരത്തോളം പേരാണ് ഇന്ന് വിർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. പരാതികളോടെ തുടങ്ങുന്ന മണ്ഡലകാലത്തിന് ഇത്തവണ മാറ്റം വരുത്തുമെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയില്‍ ഇന്ന് മുതല്‍ എല്ലാ ദിവസവും ശബരിമലയില്‍ എത്തുന്ന ഭക്തർക്ക് ഇലയിട്ട് സദ്യ വിളമ്പും.
പുതിയ മേല്‍ശാന്തിയായി ചുതലയേറ്റ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് പുലർച്ചെ മൂന്ന് മണിക്ക് ശബരിമല നട തുറന്നത്. നിർമാല്യ അഭിഷേകത്തോടെ പൂജകള്‍ക്ക് തുടക്കമായി. ശരണഘോഷങ്ങളുടെ അകമ്പടിയില്‍ ദർശനം തുടരുകയാണ്. വിർച്വല്‍ ക്യൂ വഴിയുള്ള അറുപതിനായിരത്തോളം പേരും സ്പോട്ട് ബുക്കിങും അടക്കം എണ്‍പതിനായിരത്തോളം പേർ ഇന്ന് ശബരിമലയില്‍ എത്തുമെന്നാണ് കണക്ക്. ആദ്യ മണിക്കൂറുകളില്‍ തിരക്ക് സാധാരണ നിലയിലാണ്. ക്രമീകരണങ്ങള്‍ നന്നായി പോകുന്നതിന്റെ ആശ്വാസമാണ് ദേവസ്വം വകുപ്പിനും ബോർഡിനും ഉള്ളത്.
എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ തിരിക്ക് കൂടി വരുമെന്നതിനാല്‍ ശുചിമുറികളിലെ വൃത്തിയും തിരക്ക് നിയന്ത്രിക്കുന്നതും ഇപ്പോഴുള്ളത് പോലെ തുടരുന്നതാകും വൻ വെല്ലുവിളി. പതിനെട്ടാം പടിയിലൂടെ മിനിറ്റല്‍ എഴുപത്തിയഞ്ച് തീർത്ഥാടകരെ കയറ്റിവിടണമെന്ന നിര്‍ദേശം പാലിക്കാനാകുമോയെന്നതും പ്രധാനമാണ്. വെർച്വല്‍ ക്യൂ വഴി അല്ലാതെ വരുന്ന തീർത്ഥാടകരെ നിലയക്കലില് തന്നെ ഇറക്കണണമെന്നും നേരിട്ട് പമ്പയിലേക്ക് കൊണ്ടുപോകരുതെന്നും പത്തനംതിട്ട ജില്ലാ കളക്ടർ കെഎസ്ആർടിസിക്ക് നിർദേശം നല്കി. ഇടുക്കിയിലെ സത്രത്തില്‍ നിന്നും രാവിലെ ഏഴ് മുതല്‍ ഉചക്ക് ഒരു മണിവരെയെ തീർത്ഥാടകരെ കയറ്റി വിടുകയുള്ളു. ഇന്ന് മുതല്‍ എല്ലാ ദിവസവും ശബരിമലയില്‍ എത്തുന്ന ഭക്തർക്ക് ഇലയിട്ട് സദ്യ വിളമ്പും.








