73 കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ട് തങ്ക അങ്കി സന്നിധാനെത്തെത്തും. അന്ന് വൈകീട്ട് തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന.
പത്തനംതിട്ട: ശബരിമലയിൽ (Sabarimala) മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര (Thanka Anki Procession) ആറന്മുളയിൽ (Aranmula) നിന്ന് പുറപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്കഅങ്കി വഹിച്ചുള്ള രഥം പുറപ്പെട്ടത്.
ഇന്ന് പുലർച്ചെ നാല് മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിന് അവസരം ഒരുക്കിയിരുന്നു. 73 കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ട് തങ്ക അങ്കി സന്നിധാനെത്തെത്തും. അന്ന് വൈകീട്ട് തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന.
ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്. കൊവിഡ് ഇളവുകൾ വന്നതോടെ സാധാരണ തീർത്ഥാടനകാലം പോലെയാണ് ഇക്കുറി രഥഘോഷയാത്ര. പതിവ് പോലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണമുണ്ടാവും. തങ്ക അങ്കിയെ അനുഗമനിക്കാനും ഭക്തർക്ക് അനുമതിയുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദേശം.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ക്ക് ഘോഷയാത്ര പന്പയിലെത്തും. അന്ന് വൈകിട്ട് 6.30ക്ക് തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന. ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി നട അടയ്ക്കും. 30 ന് വൈകീട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.

