തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എകെ സുധീർ നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിക്കും. കൊവിഡ് മാനദണ്ഡങ്ങളോടെ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. 250 പേർക്കാണ് പ്രതിദിനം ദർശനത്തിനുള്ള അനുമതി. കേരള പൊലീസിന്റെ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കാണ് ദർശനത്തിന് അവസരം. നിലയ്ക്കലിൽ ഭക്തരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. തുലാം ഒന്നായ നാളെ രാവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.