ദില്ലി: ശബരിമല യുവതി പ്രവേശ കേസിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് എ എം കാൻവീൽക്കര്‍ ഒഴികെ എല്ലാ ജഡ്ജിമാരും അവരവരുടെ വിധികൾ പ്രത്യേകമാണ് എഴുതിയത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ വിധിയോട് യോജിക്കുകയാണ് ജസ്റ്റിസ് എ എം കാൻവീൽക്കര്‍ ചെയ്തത്. ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള മറ്റ് നാല് ജഡ്ജിമാരും വിശ്വാസത്തിന്‍റെ പേരിൽ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കാനാകില്ല എന്ന കണ്ടെത്തലിലേക്കാണ് എത്തിയത്. വിധിയിലെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്.

ഒരു വശത്ത് സ്ത്രീയെ ദേവതയായി ആരാധിക്കുകയും മറുവശത്ത് ശാരീരികാവസ്ഥയുടെ പേരിൽ അവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് കടുത്ത വിവേചനമാണെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും  വിശ്വാസവും മതവും ഒരുതരത്തിലും ഉള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ ലംഘിക്കപ്പെടുന്നു എന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിൽ യുവതികൾ പ്രാര്‍ത്ഥന നടത്തുന്നതുകൊണ്ട് ഹിന്ദുമതത്തിന് ഒരുതരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാൻ പോകുന്നില്ലെന്നും സുപ്രധാന വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീക്കും പുരുഷനും ഒരുപോലെയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിയിൽ പറയുന്നു. ഈ വിധിയോട് ജസ്റ്റിസ് എ എം കാൻവീൽക്കര്‍ യോജിച്ചു. ചിന്തിക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. ആര്‍ത്തവത്തിന്‍റെ പേരിൽ ഒരു വിഭാഗം സ്ത്രീകളെ വിലക്കുന്നതും മാറ്റി നിര്‍ത്തുന്നതും മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും റോഹിന്‍റൻ നരിമാൻ പ്രത്യേക വിധിയിലൂടെ പറഞ്ഞു. 

ശബരിമല അയ്യക്ഷേത്രത്തെയും ഭക്തരെയും ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കാനാകില്ല എന്നാതായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ വിധിയിൽ പറയുന്നത്. ആരാധന നടത്തുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്നത് ഭരണഘടന ധാര്‍മ്മികതക്ക് എതിരാണ്. ആര്‍ത്തവത്തിന്‍റെ പേരിൽ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് തൊട്ടുകൂടായ്മക്ക് തുല്യമാണ്. 10നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചുകൊണ്ട് ഇറക്കിയ വിജ്ഞാപനങ്ങൾ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ളിക് വെര്‍ഷിപ്പ് ആക്ടിന്‍റെയും ഭരണഘടനയുടെയും ലംഘനമാണെന്നും ഡി വൈ ചന്ദ്രചൂഡ് വിധി എഴുതി.

ഈ നാല് ജഡ്ജിമാരുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമായി യുവതി പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നിലനിൽക്കുന്നതല്ല എന്നതായിരുന്നു ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി. ഹിന്ദു ആരാധനാ മൂര്‍ത്തികൾക്ക് ഭൗതികവും ലൗകികവും താത്വികവുമായ ഭാവങ്ങളുണ്ട്. ഒരേ ആരാധനാ മൂര്‍ത്തിക്ക് തന്നെ വ്യത്യസ്ഥ ശാരീരികവും ആത്മീയവുമായ ഭാവങ്ങൾ ഉണ്ടാകും. അതിനെയെല്ലാം ഒരേ പോലെ ആരാധിക്കണം എന്ന് നിഷ്കര്‍ഷിക്കാനാകില്ല. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയുടെ ഭാവത്തിലുള്ളതാണ്. കാലങ്ങളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങൾ തടസ്സപ്പെടുത്തരുതെന്നും ഇന്ദുമൽഹോത്രയുടെ വിധിയിൽ പറയുന്നു.