Asianet News MalayalamAsianet News Malayalam

ശബരിമല വിർച്വൽ ക്യു നടത്തിപ്പ് ഇനി ദേവസ്വം ബോർഡിന് 

വിർച്വൽ ക്യൂ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് നിലവിൽ നൽകുന്ന സഹായം തുടരും

Sabarimala virtual queue will be handed over to Devaswom board
Author
Thiruvananthapuram, First Published Jul 11, 2022, 2:07 PM IST

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചേർന്ന ഉന്നതതല യോഗമാണ് നിർണായക തീരുമാനം എടുത്തത്. അതേസമയം, വിർച്വൽ ക്യൂ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. നിലവിൽ വിർച്വൽ ക്യൂ കൈകാര്യം ചെയ്യുന്നത് പൊലീസാണ്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ, പൊലീസിന് വിർച്വൽ ക്യൂ കൈകാര്യം ചെയ്യാനുള്ള അധികാരമില്ലെന്ന് കോടതി വിമർശിച്ചിരുന്നു.

വിർച്വൽ ക്യൂ നടത്തിപ്പിനായി ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ഐടി വിഭാഗം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോ‍ഡ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൊലീസ് നൽകും. ആവശ്യമെങ്കിൽ താൽക്കാലിക സാങ്കേതിക സഹായവും നൽകും. 

ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പൊലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം പൊലീസ് ഏർപ്പാടാക്കാനും ധാരണയായി. അതേസമയം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിന് ഭീഷണികളുണ്ടായാലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്  പൊലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ , ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് തുടങ്ങിയവർ പങ്കെടുത്തു.

 

Follow Us:
Download App:
  • android
  • ios