തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്‍റെയും നടപടിയിൽ പ്രതികരണവുമായി മന്ത്രി എകെ ബാലൻ. സര്‍ക്കാര്‍ സഹായത്തോടെ ആരും ശബരിമലയിൽ സന്ദര്‍ശനം നടത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു, എന്നാൽ ബിന്ദു അമ്മിണിക്കെതിരെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ വച്ച് ഉണ്ടായ അതിക്രമം പോലുള്ള സംഭവങ്ങളെ സര്‍ക്കാര്‍ പിന്തുണക്കുന്നില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. 

സമാധാനപരമായാണ് ശബരിമലയിൽ തീര്‍ത്ഥാടന സീസൺ പുരോഗമിക്കുന്നത്. അവിടത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാൻ ആരെയും അനുവദിക്കില്ല. വിശ്വാസികൾക്ക് നിര്‍ഭയമായി ശബരിമലയിൽ എത്താമെന്നും അതിന് തടസം നിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും എകെ ബാലൻ പറഞ്ഞു,

എകെ ബാലൻ പറഞ്ഞത്: 

 "

പുലര്‍ച്ചെ നാലരയോടെയാണ് തൃപ്‍തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.  പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ്  സംഘം എത്തിച്ചേര്‍ന്നത്. സംഘത്തിനൊപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ വച്ചാണ് മുളക് സ്പ്രേ ആക്രമണം ഉണ്ടായത്.  കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ തൃപ്‍തി ദേശായി തിരിച്ച് പോവുകയായിരുന്നു.