ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാർ, ദേവസ്വം ബോർഡ്, കേന്ദ്ര സർക്കാർ എന്നിവർ വ്യത്യസ്ത നിലപാടുകൾ അറിയിച്ച കേസിൽ, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം പോലുള്ള വിഷയങ്ങളും ബെഞ്ച് പരിഗണിക്കും.

ദില്ലി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗഭരണഘടന ബെഞ്ചാണ് വാദം കേൾക്കുന്നത്. മൌലികാവകാശവും മത സ്വാതന്ത്യവും ഉൾപ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേൾക്കുന്നത്.

കേരളം പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ദിവസം അടക്കം അടുത്ത മൂന്ന് ദിവസം സുപ്രീംകോടതിയിൽ ശബരിമല ക്കേസിൽ വാദം നടക്കാൻ പോകുകയാണ്. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് നേതൃത്വം നൽകും. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ്‌ ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.നാളെ മുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴ്ച്ച വരെയാണ് സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും.ശബരിമലയിൽ യുവതികളെ എന്നതിൽ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. യുവതിപ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങിയാണ് സംസ്ഥാനം പുതിയ സത്യവാങ്മൂലം നല്കിയത്. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്.യുവതിപ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡും വാദങ്ങൾ സമർപ്പിച്ചത്. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികൾ അല്ലെന്ന നിലപാടാണ് കേന്ദ്രം അറിയിക്കാൻ പോകുന്നത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണെമെന്ന ആവശ്യത്തിലാണ് കേന്ദ്രം ഇക്കാര്യം ഉന്നയിക്കുക

ശബരിമലയിൽ യുവതിപ്രവേശനവിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്ത്രി കണ്ഠരര് രാജീവരര് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശബരിമലയിലെ യുവതിപ്രവേശനം പുറമെ, മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, മതസ്വാതന്ത്ര്യത്തിനും സ്തീ അവകാശത്തിനും ഇടയിൽ ഉയരുന്ന വിഷയങ്ങൾ എന്നിവ ഒമ്പതംഗ ബഞ്ച് പരിശോധിക്കും.