ദില്ലി: ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാവിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥി ശങ്കർ റേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നിലപാടെടുത്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ ശബരിമല സ്വാധീനിക്കില്ലെന്നും കോടിയേരി ദില്ലിയിൽ വ്യക്തമാക്കി. 

Read more at: 'ആചാരം ലംഘിക്കാതെ യുവതികൾക്കും ശബരിമലയിൽ പോകാം': ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ

കേരളത്തിൽ നടക്കാൻ പോകുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ശബരിമല വിഷയം സ്വാധിനിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്. ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി സുപ്രീം കോടതിയെ ഒരു തരത്തിലും ബാധിക്കില്ല, ഈ തെരഞ്ഞെടുപ്പ് ഫലം നോക്കിയല്ല സുപ്രീം കോടതി കേസ് പരിഗണിക്കുകയെന്ന് പറഞ്ഞ കോടിയേരി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കിയ ബിജെപി പോലും നിയമനിർമ്മാണത്തിന്‍റെ കാര്യത്തിൽ നിലപാട് മാറ്റിയെന്നും കോടിയേരി ഓർമ്മപ്പെടുത്തി.

മരട് വിഷയത്തിൽ സംസ്ഥാന സർക്കാർ നിസഹായാവസ്ഥയിലാണെന്നും സുപ്രിം കോടതി വിധി നടപ്പാക്കിയേ മതിയാകൂ എന്നും കോടിയേരി വ്യക്തമാക്കി. ബലപ്രയോഗം ഇല്ലാതെ നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും കോടിയേരി പറയുന്നു. പരമാവധി സഹായങ്ങൾ സർക്കാർ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ കോടിയേരി, യാഥാർത്ഥ്യത്തിനകത്ത് നിന്ന് കൊണ്ട് എന്ത് സഹായങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് അന്വേഷിക്കുന്നതെന്നും അറിയിച്ചു.