മുൻ ദേവസ്വം പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം: ശബരിമലയിലെ യോഗ ദണ്ഡിലും രുദ്രാഷമാലയിലും 2019 ൽ സ്വര്‍ണം കെട്ടിയതിലെ നടപടിക്രമങ്ങളിലും ദുരൂഹത. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പണി മകൻ ഏറ്റെടുത്തതെന്നാണ് പത്മകുമാറിന്‍റെ വിശദീകരണം. ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോൾ മകൻ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് പദ്മകുമാർ പറയുന്നു. ശബരിമലയ്ക്ക് പുറത്തുകൊണ്ട് പോകാതെയാണ് അറ്റകുറ്റപ്പണി നടക്കിയതെന്നും പദ്മകുമാർ വിശദീകരിക്കുന്നു.
ദ്വാരപാലക ശിൽപങ്ങളിലെയും വാതിലിന്‍റെയും സ്വര്‍ണപണി നടത്തിയ 2019 ൽ തന്നെയാണ് യോഗദണ്ഡും രുദ്രാഷ മാലയും സ്വര്‍ണം കെട്ടാൻ പുറത്തെടുത്തത്. അറ്റകുറ്റപ്പണിക്കായി ജയശങ്കര്‍ പദ്മനെ ചുമതലപ്പെടുത്തി കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത് 2019 മാര്‍ച്ച് 16 നാണ്. ഇതേ തുടര്‍ന്ന് യോഗദണ്ഡും രുദ്രാഷമാലയും കൈമാറുന്നുവെന്നാണ് ഏപ്രിൽ 14ന് തയ്യാറാക്കിയ മഹസറിലുള്ളത്. യോഗദണ്ഡിലുണ്ടായിരുന്ന 19.2 ഗ്രാം സ്വര്‍ണം സ്ട്രോങ് റൂമിൽ സൂക്ഷിക്കാൻ ദേവസ്വം ഹെഡ് അക്കൗണ്ടിനെ ഏൽപിച്ചു. പിന്നീട് പതിനെട്ട് ചുറ്റുകള്‍ക്കും അടിഭാഗത്ത് കപ്പും തീര്‍ക്കാനായി 44.54 ഗ്രാം സ്വര്‍ണം പുതിയ സ്വര്‍ണം ഉപയോഗിച്ചു.
യോഗ ദണ്ഡും പുളിഞ്ചിക്കായ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ രുദ്രാഷ മാലകളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ തിരികെ ഏൽപിച്ചെന്നുമാണ് മഹസറിലുള്ളത്. ഒപ്പിട്ടിരിക്കുന്നത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, എക്സിക്യട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരാണ്. മകൻ തന്നെയാണ് അറ്റകുറ്റപ്പണി നടത്തിതെന്നും എന്നാൽ ശബരിലമയ്ക്ക് പുറത്തുകൊണ്ടുപോയിട്ടില്ലെന്നുമാണ് എ പത്മകുമാറിന്‍റെ പ്രതികരണം. അതേസമയം, ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നോ എന്നതിൽ രേഖകളിൽ വ്യക്തതയില്ല. എന്ത് നടപടിക്രമം പാലിച്ചാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ മകൻ പണി ഏറ്റെടുത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണം നഷ്ടമായിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഹൈക്കോടതി ഉത്തരവിറക്കി. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി.
]ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശുന്നതിന്‍റെ മറവിൽ അരക്കിലോയോളം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കവർച്ച ചെയ്തെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. ഉദ്യോഗസ്ഥരടക്കമുളളവരുടെ ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നിർദേശിച്ച ഹൈക്കോടതി, ആറാഴ്ചക്കകം അന്തിമ റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനോട് ആവശ്യപ്പെട്ടു. ദ്വാരക ശിൽപങ്ങളിലെ സ്വർണം കവർച്ച ചെയ്തത് മാത്രമല്ല 1999 മുതലുളള മുഴുവൻ കാര്യങ്ങളും വിശദമായി പരിശോധിക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.


