രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു എം ജേക്കബ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് രംഗത്ത്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബിന്‍റെ വെല്ലുവിളി. അതിന് ഉതകുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി. ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്‍റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിന്‍റെ വെല്ലുവിളി.
അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു പറഞ്ഞു. ബി ജെ പി ബന്ധത്തിന്‍റെ കാര്യത്തിൽ വ്യക്തമായി ഒന്നും സാബു ജേക്കബ് പറഞ്ഞില്ല. കെ സുരേന്ദ്രനെ കണ്ടിട്ടു തന്നെയില്ലെന്നായിരുന്നു മറുപടി. തന്നെ സംഘിയും കമ്മിയുമൊക്കെ മാറി മാറി ആക്കുന്നത് ജന പിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു ജേക്കബി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്തു എന്നതാണ്. ഷോൺ ജോർജിനെ കൂടാതെ മറുനാടൻ ഷാജൻ, മറ്റു ചില മാധ്യമങ്ങൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കനേഡിയൻ കമ്പനിയുണ്ടന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്ന വീണ വിജയന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അച്ഛനും ഭർത്താവും സി പി എം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുവെന്ന വീണയുടെ പരാതിയിലാണ് പൊലീസ് നടപടി. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മറുനാടൻ മലയാളിയടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു. ഇത് മുൻനിർത്തിയാണ് വീണ വിജയൻ പൊലീസിൽ പരാതി നൽകിയത്. വീണ വിജയന്‍റെ ഈ പരാതിയലാണ് പൊലീസ് ഷോൺ ജോർജ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
