ജാതി ബഹിഷ്ക്കരണമല്ല ഞങ്ങളെ ഉപദ്രവിക്കുന്നവരെയാണ് ബഹിഷ്ക്കരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൃഷിഭവനിൽ നടന്ന പരിപാടിയിൽ നിന്നും നേതാക്കൾ ഇറങ്ങിപ്പോയത്.

കൊച്ചി : ജാതി അധിക്ഷേപം നടത്തിയെന്ന ട്വൻ്റി ട്വൻ്റി നേതാക്കൾക്കെതിരായ കുന്നത്തുനാട് എംഎൽഎ ശ്രീനിജന്റെ പരാതിയിൽ പ്രതികരണവുമായി കിറ്റക്സ് എംഡിയും ട്വൻ്റി ട്വൻ്റി ചെയര്‍മാനുമായി സാബു എം ജേക്കബ്. ശ്രീനിജൻ എംഎൽഎയെ പൊതുവേദിയിൽ അപമാനിച്ചിട്ടില്ലെന്ന് സാബു എം ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിന്റെ ച‍‍ര്‍ച്ചയിൽ പറഞ്ഞു. 

പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ ശ്രിനിജനെ ക്ഷണിച്ചിട്ടില്ല. ജാതി ബഹിഷ്ക്കരണമല്ല ഞങ്ങളെ ഉപദ്രവിക്കുന്നവരെയാണ് ബഹിഷ്ക്കരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൃഷിഭവനിൽ നടന്ന പരിപാടിയിൽ നിന്നും നേതാക്കൾ ഇറങ്ങിപ്പോയത്. ജാതി അധിക്ഷേപം നടത്തിയെന്ന കേസിന് പിന്നിൽ ഗൂഢാലോചനയാണെന്നും തെറ്റ് ചെയ്യാത്തതിനാൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. പഞ്ചായത്തിൽ സഖാക്കന്മാരായ ഉദ്യോഗസ്ഥന്മാരെ നിയമിച്ച് ഒരു സമാന്തരമായ ഭരണത്തിനാണ് ശ്രീനിജൻ ശ്രമിക്കുന്നതെന്നും സാബു കുറ്റപ്പെടുത്തി. 

കുന്നത്തു നാട് എംഎൽഎ പി വി ശ്രീനിജിന്റെ ജാതിഅധിക്ഷേപ പരാതിയിൽ കിഴക്കമ്പലം ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കിയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചിങ്ങം ഒന്നിന് കർഷകദിനാഘോഷത്തിൽ നടന്ന പരിപാടിയ്ക്കിടെ ഐക്കരനാട് പഞ്ചായത്ത് അദ്ധ്യക്ഷ ഉൾപ്പടെയുള്ളവർ അധിക്ഷേപിച്ചെന്നാണ് എംഎൽഎയുടെ പരാതി. ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മൂന്ന് മെമ്പര്‍മാരുമാണ് പുത്തൻകുരിശ് പൊലീസ് എടുത്ത കേസിലെ പ്രതികൾ.

ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിക്കിടെ നടന്ന സംഭവമാണ് പരാതിക്ക് അടിസ്ഥാനം.കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിടുകയായിരുന്നു. പൊതുജനങ്ങളുടെ മുന്നിൽ വച്ച് നടന്ന സംഭവം ജാതിവിവേചനമാണെന്നാണ് എംഎൽഎ യുടെ പരാതി. സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും പരാതിയിലുണ്ട്. സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമില്ലെന്ന കണ്ടെത്തലിൽ പൊലീസ് കേസെടുത്തില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിലാണ് നടപടി. പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നേതാക്കന്മാർക്കൊപ്പം വേദി പങ്കിടേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് ട്വന്‍റി ട്വന്‍റി വിശദീകരണം