Asianet News MalayalamAsianet News Malayalam

രാഹുലിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിന്‍ ആര്...? കേരളത്തെ ‌ഞെട്ടിച്ച മിടുക്കിയെ അറിയാം...

അഞ്ച് മിനിറ്റോളം നീണ്ട പ്രസംഗം സഫ  തെറ്റുകളില്ലാത്ത പരിഭാഷപ്പെടുത്തിയതോടെ രാഹുല്‍ തന്നെ സഫയെ ചോക്ലേറ്റ് നല്‍കി അനുമോദിച്ചു. നിറകണ്ണുകളോടെയാണ് സഫ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ചെറിയ സമ്മാനം ഏറ്റുവാങ്ങിയത്. 

Safa Febin, translator of Rahul Gandhi speech in to Malayalam is daughter of Madrasa teacher
Author
Karuvarakundu, First Published Dec 5, 2019, 3:57 PM IST

രാഹുല്‍ ഗാന്ധിയെപ്പോലെ ഇമേജുള്ള ദേശീയ നേതാവ്, ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സ്വന്തം സ്കൂള്‍ മൈതാനം... ഇംഗ്ലീഷില്‍ പിഎച്ച്ഡി എടുത്തവര്‍ പോലും പരിഭാഷക്കായി ഒന്നു വിറക്കും. സമാനമായ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ചിരിക്ക് വക നല്‍കിയിട്ടുമുണ്ട്. ഈ സമ്മര്‍ദത്തെയെല്ലാം അതിജീവിച്ചാണ് സഫ ഫെബിന്‍ എന്ന പ്ലസ് ടുകാരി രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള വെല്ലുവിളി ഏറ്റെടുത്ത് സധൈര്യം വേദിയിലേക്ക് കയറിയത്. 

ഔപചാരികതയെല്ലാം വെടിഞ്ഞ് നാട്ടുഭാഷയില്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് സഫ മൊഴിമാറ്റിയത്. ഒരിടത്തുപോലും പതര്‍ച്ചയോ തടസ്സമോ ഇല്ലാതെ, അര്‍ഥം ഒട്ടും ചോരാതെയായിരുന്നു മൊഴിമാറ്റം. കാലഘട്ടത്തില്‍ ശാസ്ത്രത്തിന്‍റെ പ്രസക്തി രാഹുല്‍ ഗാന്ധി ചെറിയ വാക്കുകളിലൊതുക്കിയപ്പോള്‍ ആറ്റിക്കുറുക്കിയ നാട്ടുമൊഴിയില്‍ സഫയും മൊഴിമാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും സഫയുടെ മൊഴിമാറ്റവും സോഷ്യല്‍മീഡിയയില്‍ ആയിരങ്ങള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തു. കേരളീയര്‍ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തുള്ളവരും രാഹുലിന്‍റെ വാക്കുകള്‍ സഫയിലൂടെ കേട്ടു. 

രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് സമ്മര്‍ദമേതുമില്ലാതെ മലയാളത്തിലാക്കിയ സഫ ഫെബിന്‍ പഠിച്ചത് പൊതുവിദ്യാലയങ്ങളില്‍ തന്നെയാണ്. മലയോര ഗ്രാമമായ കരുവാരകുണ്ടിലെ കുട്ടത്തിയിലാണ് താമസിക്കുന്നത്. പിതാവ് കുഞ്ഞിമുഹമ്മദ് മദ്രസ അധ്യാപകനാണ്. മാതാവ് സാറ വീട്ടമ്മയും. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി സയന്‍സ് തെരഞ്ഞെടുത്തു. പ്ലസ് വണ്ണിലും മുഴുവന്‍ എ പ്ലസ് നേടി പഠനത്തിലും മിടുക്കിയാണ് സഫ. പുറമെ, സ്കൂളിലെ സര്‍ഗാത്മക പ്രവര്‍ത്തനത്തിലും മുന്നില്‍ നില്‍ക്കുന്നു. സ്കൂളില്‍ ആരംഭിച്ച റേഡിയോക്ക് ചുക്കാന്‍ പിടിച്ചതും സഫയാണ്.  

"

അഞ്ച് മിനിറ്റോളം നീണ്ട പ്രസംഗം സഫ  തെറ്റുകളില്ലാത്ത പരിഭാഷപ്പെടുത്തിയതോടെ രാഹുല്‍ തന്നെ സഫയെ ചോക്ലേറ്റ് നല്‍കി അനുമോദിച്ചു. നിറകണ്ണുകളോടെയാണ് സഫ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ചെറിയ സമ്മാനം ഏറ്റുവാങ്ങിയത്. പരിപാടി പൂര്‍ത്തിയാക്കി രാഹുല്‍ വേദി വിട്ടതിന് പിന്നാലെ സ്കൂളിന്‍റെ അഭിമാനമുയര്‍ത്തിയ മിടുക്കിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ മാധ്യമങ്ങള്‍ വളയുകയും ചെയ്തു.

സാധാരണ കൂടെയുള്ള രാഷ്ട്രീയ നേതാക്കളെ അല്ലെങ്കില്‍ ഭാഷാ വിദഗ്ധരോ ആണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്. പതിവിന് വിപരീതമായി. കരുവരാക്കുണ്ട് ഗവ.എച്ച്എസ്.എസില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ സഹായിക്കാമോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു.  ഈ ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റെടുത്ത സഫ സദസില്‍ നിന്നും എഴുന്നേറ്റതോടെ സഫയെ വേദിയിലേക്ക് രാഹുല്‍ ക്ഷണിച്ചു. തന്‍റെ വാക്കുകള്‍ സഫ തര്‍ജമപ്പെടുത്തിയ ശേഷം സദസില്‍ നിന്നുമുണ്ടായ പ്രതികരണം രാഹുലിനേയും വളരെ സന്തോഷവനാക്കി. 

Follow Us:
Download App:
  • android
  • ios