14 അപകട കയങ്ങൾ നിരോധിക പ്രദേശമായി പ്രഖ്യാപിക്കും. ഊടുവഴികളിലൂടെ കയത്തിൽ ഇറങ്ങുന്നത് തടയാൻ ഫെൻസിംഗ് സ്ഥാപിക്കാനും തീരുമാനമായി.

തിരുവനന്തപുരം: നിരന്തരമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി കല്ലാറിൽ സ്ഥിരം സുരക്ഷാ സംവിധാനങ്ങളുമായി സുരക്ഷിത ടൂറിസം പദ്ധതി. ജി. സ്റ്റീഫൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 14 അപകട കയങ്ങൾ നിരോധിക പ്രദേശമായി പ്രഖ്യാപിക്കും. ഊടുവഴികളിലൂടെ കയത്തിൽ ഇറങ്ങുന്നത് തടയാൻ ഫെൻസിംഗ് സ്ഥാപിക്കാനും തീരുമാനമായി. കല്ലാറിലെ മരണക്കയങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ കല്ലാർ കണ്ണീരാർ എന്ന പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി. സ്ഥിരം നിരീക്ഷണ സംവിധാനവും ഉണ്ടാകും.

തുടര്‍ച്ചയായ അപകട വാര്‍ത്തകള്‍ക്ക് അന്ത്യം കുറിക്കാന്‍ കല്ലാറില്‍ സുരക്ഷിത ടൂറിസം പദ്ധതി ഒരുങ്ങുകയാണ്. വിനോദ സഞ്ചാരികൾക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാതെയുമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക, അപകട സാധ്യത കൂടുതലുള്ള പതിനാല്‌ കയങ്ങൾ ദുരന്തനിവാരണ വകുപ്പിന്റെ കൂടി സഹകരണത്തോടെ നിരോധിത പ്രദേശമായി പ്രഖ്യാപിക്കുക, ഊടു വഴികളിലൂടെ സഞ്ചാരികൾ ഇവിടങ്ങളിലേയ്ക്ക്‌ എത്താതിരിക്കാനായി ശക്തമായ ഫെൻസിംഗുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആദ്യ ഘട്ടത്തിൽ നടത്തും. പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്‌ടറുടെ സാന്നിദ്ധ്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ടൂറിസം, റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കാനും യോഗത്തിൽ തീരുമാനമായി. 

Also Read: കല്ലാറില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്ന് മരണം

കൂടാതെ വിതുര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷനായും, നെടുമങ്ങാട്‌ ആർ ഡി ഒ കൺവീനറായും സ്ഥിരം മോണിറ്ററിംഗ് സമിതി രൂപീകരിക്കും. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും. കല്ലാർ ഡി.റ്റി.പി.സി ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹ്യ- വ്യവസായ സംഘടന പ്രതിനിധികൾ, ഊരുമൂപ്പന്മാർ എന്നിവരും പങ്കെടുത്തു.

Also Read: കല്ലാറില്‍ മൂന്ന് പേർ മുങ്ങിമരിച്ച സ്ഥലത്ത് വിലക്ക് ലംഘിച്ച് മദ്യപാനം; അന്വേഷണം തുടങ്ങി പൊലീസ്

YouTube video player