ട്രെയിനിൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കാത്തത് മുതൽ ജനറൽ കംപാർട്ട്മെന്‍റുകളുടെ എണ്ണം വെട്ടിക്കുറച്ചത് വരെയുള്ള അനാസ്ഥയിൽ നിസംഗത തുടരുകയാണ് റെയിൽവേയും പൊലീസും.

കൊച്ചി: കോഴിക്കോട് എലത്തൂരിൽ ട്രെയിൻ തീവയ്പ്പിന് പിന്നാലെ തൃശൂരിൽ ടിടിഇ വിനോദിന്‍റെ കൊലപാതകത്തോടെ ട്രെയിൻ യാത്രയുടെ അരക്ഷിതാവസ്ഥയാണ് വീണ്ടും ചർച്ചയാകുന്നത്. ട്രെയിനിൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കാത്തത് മുതൽ ജനറൽ കംപാർട്ട്മെന്‍റുകളുടെ എണ്ണം വെട്ടിക്കുറച്ചത് വരെയുള്ള അനാസ്ഥയിൽ നിസ്സംഗത തുടരുകയാണ് റെയിൽവേയും പൊലീസും. പാസഞ്ചർ, ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാരുടെ അനുഭവങ്ങൾ അന്വേഷിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരമ്പര 'അശുഭയാത്ര' തുടരുന്നു.

2011 ല്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സൗമ്യ, 2024 ല്‍ ജോലിക്കിടെ ടിടിഇ വിനോദ്, ട്രെയിനിലുള്ളില്‍ വെച്ചുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ആരാണ് ഇതിന് ഉത്തരവാദി എന്നുള്ള ചോദ്യമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരമ്പര 'അശുഭയാത്ര'യിലുടെ ഉന്നയിക്കുന്നത്. സംസ്ഥാനത്തെ ട്രെയിനുകളിലെ സുരക്ഷയില്‍ അധികൃതര്‍ നിസംഗത തുടരുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. മിക്ക ട്രെയിനുകളിലും സുരക്ഷ ഉദ്യോഗസ്ഥരില്ല. മിക്ക റെയില്‍വേ സ്റ്റേഷനുകളിലും ശരിയായി പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളില്ലെന്നും യാത്രക്കാര്‍ പറയുന്നു. ജനറൽ കംപാർട്ട്മെന്‍റുകളുടെ എണ്ണം വെട്ടിക്കുറച്ചതും ദുരിതമാകുന്നുവെന്ന് യാത്രക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.