പാലക്കാട്:  മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പാലക്കാട്ടെ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ നടന്നത് പൊലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

പൊലീസ് മര്‍ദ്ദനത്തില്‍ വി.ടി ബൽറാം എംഎല്‍എ ഉൾപ്പടെ നിരവധി സഹപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സമരങ്ങളെ രക്തത്തിൽ മുക്കി കൊല്ലാനുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നവരോട് പറയുന്നു, ഇതൊന്നും കണ്ട് സമര പാതയിൽ പുറകോട്ടില്ല. പ്രിയപ്പെട്ട വി ടി ക്കും പോരാളികൾക്കും സമരാഭിവാദ്യങ്ങൾ- ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ വി ടി ബല്‍റാം എംഎല്‍എയ്ക്കും പരിക്കേറ്റിരുന്നു.