നേതൃത്വവുമായി അതൃപ്തി തുടരുന്ന ശശി തരൂര്‍ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്‍റിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത.

ദില്ലി: നേതൃത്വവുമായി അതൃപ്തി തുടരുന്ന ശശി തരൂര്‍ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്‍റിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചുകൊണ്ട് തരൂരുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയാണുള്ളത്. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് തരൂരിനും താൽപര്യമുണ്ട്. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്ത് പറയുമെന്നാണ് ഇന്നലെയും തരൂര്‍ വ്യക്തമാക്കിയിരുന്നത്. ശശി തരൂരിനെ അനുനയിപ്പിച്ച് എത്രയും വേഗം പ്രശ്നം അവസാനിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. 

സിപിഎമ്മിലേക്ക് എത്തിക്കാൻ ദുബായിൽ ചര്‍ച്ച നടന്നുവെന്ന ആരോപണം ഇന്നലെ ശശി തരൂര്‍ തള്ളിയിരുന്നു. ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ് ശശി തരൂർ പറഞ്ഞിരുന്നത്. നിങ്ങളുടെ അന്നത്തിനുവേണ്ടി നിങ്ങൾ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാർട്ടി നേതൃത്വത്തോടെ മാത്രമേ പറയുവെന്നുമായിരുന്നു ശശി തരൂര്‍ വ്യക്തമാക്കിയത്. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഇന്നലെ യോഗത്തിൽ പങ്കെടുക്കാഞ്ഞത് അവർ ക്ഷണിച്ച സമയത്ത് താൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണെന്നുമായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.നേതൃത്വവുമായി ചർച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂർ ഇന്നലെ നല്‍കിയത്. മഹാപഞ്ചായത്തിൽ വെച്ച് ശശി തരൂരിന് കൈകൊടുക്കാതെ രാഹുൽ ഗാന്ധി അവഗണിച്ചെന്ന പരാതിയാണുള്ളത്. ഇന്നലെ നടന്ന കോൺഗ്രസ് പാർലമെന്‍ററി നയ രൂപീകരണ യോഗത്തിലും ശശി തരൂർ പങ്കെടുത്തില്ല. നയ രൂപീകരണ യോഗത്തില്‍ പങ്കെടുക്കാൻ ശശി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു.