ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷത്രത്തിന് സമീപത്ത് വച്ചായിരുന്നു സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹർ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെയാണ് മരിച്ചത്

തൃശ്ശൂർ: ചേർപ്പ് സ്വദേശി ബസ് ഡ്രൈവർ സഹറിന്റെ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപക തെരച്ചിൽ നടത്തി പൊലീസ്. സഹറിനെ മർദ്ദിച്ച ആറ് പേരെ കണ്ടെത്താനാണ് ചേർപ്പ് മേഖലയിൽ പൊലീസ് റെയ്ഡ് നടത്തിയത്. അൻപതോളം പൊലീസുകാർ പുലർച്ചെ രണ്ടര വരെ പരിശോധന തുടർന്നു. എന്നാൽ ഒരാളെ പോലും കണ്ടെത്താനായില്ല. എട്ടു പ്രതികളും ഒളിവിൽ തുടരുകയാണ്. തന്റെ പെൺസുഹൃത്തിനെ കാണാൻ വന്ന ബസ് ഡ്രൈവർ സഹറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷത്രത്തിന് സമീപത്ത് വച്ചായിരുന്നു സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹർ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്. രാത്രി വൈകി വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ സഹറിനെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. 

മർദ്ദനമേറ്റ ശേഷം സഹർ വീട്ടില്‍ വന്നു കിടന്നെങ്കിലും രാവിലെ അതികഠിനമായ വയറു വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും വൃക്കകൾ തകരാറിലാവുകയും ചെയ്തിരുന്നു. കുടലുകളിൽ ക്ഷതമേൽക്കുകയും ചെയ്തിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തിയ ശേഷം സഹര്‍ വെന്‍റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ആരോഗ്യ നില വഷളായി. ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളായ രാഹുല്‍, അമീര്‍, ജിഞ്ചു, ഡിനോ, വിഷ്ണു, വിജിത്ത്, അഭിലാഷ്, എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതല്ലാതെ പ്രതികളെ പിടികൂടാന്‍ പൊലീസിനായിരുന്നില്ല. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വൈകാതെ പ്രതികളെ വലയിലാക്കുമെന്ന് റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റേ അറിയിച്ചു.