പാതിവില പദ്ധതി ആശയം കെ. എൻ. ആനന്ദ കുമാറിന്റേതാണെന്നും അനന്തു പൊലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ആനന്ദ കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.
മൂവാറ്റുപുഴ : പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികൾ ചിലവഴിച്ച് തീർന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങൾ വാങ്ങാനും പലർക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി. അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മതം മൊഴി ഉൾപ്പെടെ ചേർത്ത് പൊലീസ് റിപ്പോർട്ട് തയ്യാറാക്കും. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇയാളെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
പാതിവില പദ്ധതി ആശയം സായിഗ്രാമം കെ. എൻ. ആനന്ദ കുമാറിന്റേത്
പാതിവില പദ്ധതി ആശയം സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദ കുമാറിന്റേതാണെന്നും അനന്തു പൊലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ആനന്ദ കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പൊലീസ് വൈകാതെ ചോദ്യം ചെയ്യും. പ്രതി മാസം അനന്തുകൃഷ്ണന്‍റെ സംഘടനയിൽ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
മൊഴികൾ കെ എൻ ആനന്ദ കുമാർ തള്ളി
എന്നാൽ അനന്തു കൃഷ്ണൻറെ മൊഴികൾ കെ എൻ ആനന്ദ കുമാർ തള്ളി. വ്യക്തിപരമായി പണം വാങ്ങിയിട്ടില്ലെന്നും സായി ട്രസ്റ്റിന് ലഭിച്ച സംഭാവനയ്ക്ക് രസീത് നൽകിയിട്ടുണ്ടെന്നും കെ എൻ ആനന്ദ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഈ പണം അടക്കം കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്. നിയമ സംവിധാനങ്ങളിൽ വിശ്വാസമുണ്ടെന്നും സത്യം ജയിക്കും എന്നും ആനന്ദകുമാർ കൂട്ടിച്ചേർത്തു.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
അനന്ദു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സഹിതം അനന്തുവിനെ ഇന്ന് പൊലീസ് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. അനന്തു നൽകിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങൾ തേടിയാവും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിന്‍റെ പണമിടപാട് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തുള്ള ഫ്ലാറ്റും ഓഫീസുകളും സീൽ ചെയ്ത പൊലീസ്, വിശദ പരിശോധനയ്ക്കായി സെർച്ച് വാറണ്ടിനായി കോടതിയിൽ ഇന്ന് അപേക്ഷയും നൽകും.
