തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 

കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്‍നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത സിപിഎം പാർട്ടി മുഖപത്രം പ്രസിദ്ധീകരിക്കുകയും ഇതിനെതിരെ സാജന്‍റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. തന്‍റെയും കുടുംബത്തിന്‍റെയും പേരിൽ വ്യാപകമായി അപവാദ പ്രചാരണങ്ങൾ നടക്കുകയാണെന്നും വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ് താനെന്നും ഇത് തുടര്‍ന്നാല്‍ കുട്ടികളെയും കൊണ്ട് താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു സാജന്‍റെ ഭാര്യ ബീന നേരത്തേ പറഞ്ഞത്.

അതേസമയം സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ വിവരങ്ങൾ ചോരുന്നതിൽ അന്വേഷണ സംഘം അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ വിവരങ്ങൾ പുറത്ത് പോകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി എസ്‍പിക്ക് പരാതി നൽകി. കുടുംബത്തെ ഇകഴ്ത്തും വിധം ആരോപണങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം അ‍തൃപ്തിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.