വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിൽ ന്യായവില കണക്കാക്കിയതിലുള്ള അപാകത ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഒക്ടോബർ നാലിന് വിശദീകരണം ആവശ്യപ്പെട്ടു

പറവൂർ: മൂത്തകുന്നത്ത് മരിച്ച സജീവന്‍ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. ജില്ലാ കളക്ടർക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചു. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിച്ചത്. റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി അന്നു തന്നെ ഇത് മൂത്തകുന്നം വില്ലേജ് ഓഫീസിലേക്ക് കൈമാറി. വില്ലേജ് ഓഫീസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചു.

വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിൽ ന്യായവില കണക്കാക്കിയതിലുള്ള അപാകത ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഒക്ടോബർ നാലിന് വിശദീകരണം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചു. ആ മാസം 27ന് നിലവിലുള്ള നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാന്‍ സജീവന് നിർദേശം നല്‍കി കത്തയച്ചു. ഇതിനോട് സജീവന്‍ പ്രതികരിച്ചില്ല. പിന്നീട് ഹൈക്കോടതി ഉത്തരവിന്‍റെയും സർക്കുലറിന്‍റെയും അടിസ്ഥാനത്തില്‍ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ സർക്കാർ വ്യക്തത വരുത്തി. ഇതു പ്രകാരമുള്ള ഫീസിളവിനും സജീവന്‍ അപേക്ഷിച്ചിരുന്നില്ല.

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് 20000ത്തോളം അപേക്ഷകളാണ് തീര്‍പ്പാക്കാനായി ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ അവശേഷിക്കുന്നത്. ഇവ മുന്‍ഗണനാ ക്രമത്തില്‍ പ്രത്യേക അദാലത്തിലൂടെ തീര്‍പ്പാക്കി വരികയാണ്. സജീവന്‍റെ അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാൽ ഇതുവരെ നടന്ന അദാലത്തുകളിൽ ഉള്‍പ്പെട്ടിരുന്നില്ല. ആദ്യം സമർപ്പിച്ച അപേക്ഷയ്ക്കു പുറമെ ഇതേ ആവശ്യത്തിനായി മറ്റൊരു അപേക്ഷ കൂടി ഇതേ വിഷയത്തില്‍ സജീവന്‍ സമർപ്പിച്ചിരുന്നു. ആദ്യത്തെ അപേക്ഷ നിലവിലിരിക്കുന്നതിനാൽ ഇതിൽ നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.