രാഹുലിനെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍
തിരുവനന്തപുരം: രാഹുലിനെ സസ്പെൻഡ് ചെയ്തത് കെണിയാണെന്ന് സജി ചെറിയാൻ. സസ്പെൻഷൻ സണ്ണി ജോസഫിന്‍റെ കുശാഗ്ര ബുദ്ധിയാണെന്നും രാഹുൽ ബുദ്ധിമാൻ ആണെങ്കിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായി. വി ഡി സതീശനെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. കെ കരുണാകരന്‍റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് മാങ്കൂട്ടത്തിൽ. രാഷ്ട്രീയ എതിരാളികൾക്കെതിരെ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ധാർമികത ഉയർത്തി പിടിച്ചാണ് ഞാന്‍ മുമ്പ് രാജിവച്ചത്. രാഹുലിനെ കൈകാര്യം ചെയ്യാൻ കോൺഗ്രസ് തീരുമാനിച്ചതിന്‍റെ ഭാഗമായാണ് രാജിക്കാര്യത്തിലെ വ്യത്യസ്താഭിപ്രായം എന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പാര്‍ട്ടി നേതൃത്വം എത്തിയത്.

