താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനായില്ല. പിന്നീട് പാര്‍ട്ടി കമ്മിറ്റികള്‍ക്ക് വിളിക്കാറില്ലായിരുന്നു. അടുത്ത തവണ അംഗത്വം പുതുക്കി നല്‍കിയില്ലെന്നും സജിന്‍
തിരുവനന്തപുരം: സിപിഎം അംഗത്വം നഷ്ടമായത് റിസോര്‍ട്ടിന് എതിരെ പരാതി നല്‍കിയതിന് പിന്നാലെയെന്ന് റിസോര്‍ട്ട് നിര്‍മ്മാണത്തിന് എതിരെ പരാതി നല്‍കിയ സജിന്‍ ന്യൂസ് അവറില്‍ പ്രതികരിച്ചു. താന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനായില്ല. പിന്നീട് പാര്‍ട്ടി കമ്മിറ്റികള്‍ക്ക് വിളിക്കാറില്ലായിരുന്നു. അടുത്ത തവണ അംഗത്വം പുതുക്കി നല്‍കിയില്ലെന്നും സജിന്‍ ന്യൂസ് അവറില്‍ പ്രതികരിച്ചു.
കണ്ണൂര്‍ വൈദീകം റിസോര്‍ട്ടിലെ സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനെതിരെ രൂക്ഷമായ ആരോപണമാണ് ഉയരുന്നത്. കുന്നിടിച്ചുള്ള റിസോട്ട് നിർമ്മാണ സമയത്ത് തന്നെ പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നെങ്കിലും എല്ലാം ഒതുക്കിത്തീർത്തുവെന്നാണ് ആരോപണം. 2014-ൽ ഇപി ജയരാജൻ്റെ മകൻ പികെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെപി രമേശ് കുമാറും ഡയറക്ടർമാരായാണ് ഈ സംരംഭം ആരംഭിച്ചത്.
ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിർമ്മാണം തുടങ്ങിയത് 2017ലാണ്. കുന്നിടിച്ചുള്ള നിർമ്മാണത്തിനെതിരെ തുടക്കത്തിൽ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. പക്ഷെ ഇപി ഇടപെട്ടതോടെ പ്രതിഷേധങ്ങൾ തണുത്തു. സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ നിർമ്മാണത്തിനുള്ള അനുമതിയും കിട്ടി.
30 കോടിയായിരുന്നു റിസോർട്ടിൻ്റെ ആകെ നിക്ഷേപം. ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബറിൽ ഡയറക്ടർ ബോർഡ് അംഗമായെങ്കിലും ഇപ്പോൾ റിസോർട്ടിന്റെ വെബ്സൈറ്റിൽ അവരുടെ പേരില്ല. റിസോർട്ടിൽ പ്രദേശത്തെ സിപിഎം അനുഭാവികൾക്ക് ജോലിയും ലഭിച്ചിരുന്നു.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാര്‍ട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജന്‍ ആരോപിച്ചിരുന്നു.
