കൊച്ചി: എസ്ഐയെ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് സക്കീർ ഹുസൈൻ. കളമശ്ശേരി എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ അമൃതരംഗനാണ് അപമര്യാദയായി പെരുമാറിയതെന്നും സക്കീർ ഹുസൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പരാതിക്കാരന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച എസ്ഐ യുടെ നടപടി കൃത്യവിലോപമാണെന്നും സക്കീർ കൂട്ടിച്ചേര്‍ത്തു. മേലുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണമടക്കം എസ്ഐ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്. എസ്ഐയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും എസ്ഐയ്ക്കെതിരെ പരാതി നൽകുമെന്ന്‌ സക്കീർ ഹുസൈൻ പറഞ്ഞു. തനിക്കെതിരായി വന്ന ആരോപണങ്ങൾ പാർട്ടി അന്വേഷിച്ച് കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സക്കിർ ഹുസൈൻ കൂട്ടിച്ചേര്‍ത്തു. 

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്താണ് കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്ഐയെ വിളിച്ചത്. 

Also Read: സംഘര്‍ഷത്തിനിടെ എസ്എഫ്ഐ നേതാവിനെ പിടിച്ചുമാറ്റി: എസ്ഐക്ക് സിപിഎം നേതാവിന്‍റെ ഭീഷണി