Asianet News MalayalamAsianet News Malayalam

ശമ്പളപരിഷ്കരണം നടപ്പാക്കുന്നില്ല, സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

വെള്ളിയാഴ്ച രാവിലെ മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. ഫെബ്രുവരി അഞ്ചാം തീയതി 12 മണിക്കൂർ നിരാഹാരസമരം. ഒമ്പതാം തീയതി മുതൽ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാലസമരം തുടങ്ങുമെന്നും ഡോക്ടർമാർ. 

salary revision in crisis kerala govt doctors to go for strike
Author
Thiruvananthapuram, First Published Jan 23, 2021, 3:21 PM IST

തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. ഫെബ്രുവരി അഞ്ചാം തീയതി 12 മണിക്കൂർ നിരാഹാരസമരം നടത്തും. ഒമ്പതാം തീയതി മുതൽ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാലസമരം തുടങ്ങുമെന്നും ഡോക്ടർമാർ പ്രഖ്യാപിച്ചു. 

ഫെബ്രുവരി 5-ന് നടത്തുന്ന നിരാഹാരസമരത്തിനിടെ രോഗീ പരിചരണവും അധ്യാപനവും മുടങ്ങില്ല. സൂചനാ പണിമുടക്ക് സമയം, ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാൽ കൊവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ, എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അലവൻസ് പരിഷ്കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ പറയുന്നു. ഇനിയും ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios