23 ന് ചേരുന്ന മുശാവറ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം ഗൗരവമായി ചർച്ച ചെയ്യുമെന്ന് നേതൃത്വം ഉറപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട ലീഗ് അനുകൂലികളുടെ എല്ലാം നീക്കങ്ങളും നിർത്തിവെക്കാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം.
മലപ്പുറം: നാളെ ചേരാനിരുന്ന ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം. സമ്മേളന സംഘാടക സമിതിക്ക് സമസ്‌ത നേതൃത്വം കത്ത് നൽകി. 23 ന് ചേരുന്ന മുശാവറ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം ഗൗരവമായി ചർച്ച ചെയ്യുമെന്ന് നേതൃത്വം ഉറപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട ലീഗ് അനുകൂലികളുടെ എല്ലാം നീക്കങ്ങളും നിർത്തിവെക്കാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കത്തിൽ പറയുന്നു. അതേസമയം, അന്തിമ തീരുമാനമെടുക്കാൻ സംഘാടക സമിതി ഉടൻ യോഗം ചേരും. നാളെ മലപ്പുറത്ത് വെച്ചാണ് സമസ്തയിലെ ലീഗ് അനുകൂലികൾ വഖഫ് വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചത്. സമ്മേളനം സമസ്തയിലെ വിഭാഗീയത രൂക്ഷമാക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.
സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറിൽ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാറിനും മുസ്‍ലിം ലീഗിനുമെതിരെ സമസ്ത മുശാവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനമാണ് ലീഗ് കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നടന്ന സിപിഎം വഖഫ് വിശദീകരണ യോഗത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് അതേ സ്ഥലത്ത് വെച്ച് തന്നെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയാണ് ഈ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്.
