സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ശമ്പള പരിഷ്കരണ കമ്മീഷനും അഷ്വേഡ് പെന്‍ഷൻ പദ്ധതിയും പ്രഖ്യാപിച്ചു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പ്രീ പ്രൈമറി അധ്യാപകര്‍ തുടങ്ങിയവരുടെ വേതനം കൂട്ടി. എന്നാൽ ക്ഷേമ പെൻഷനിൽ വര്‍ധനയില്ല.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളും അധികഭാരം ഏൽപ്പിക്കാതെയും ബജറ്റ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ശമ്പള പരിഷ്കരണ കമ്മീഷനും അഷ്വേഡ് പെന്‍ഷൻ പദ്ധതിയും പ്രഖ്യാപിച്ചു. ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പ്രീ പ്രൈമറി അധ്യാപകര്‍ തുടങ്ങിയവരുടെ വേതനം കൂട്ടി. എന്നാൽ ക്ഷേമ പെൻഷനിൽ വര്‍ധനയില്ല.
തുടര്‍ച്ചയായ മൂന്നാം സര്‍ക്കാര്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ബജറ്റിലെ പ്രഖ്യാപനം. എന്നാൽ ശമ്പള പരിഷ്കരണം വൈകിയതിലും ഡിഎ കുടിശ്ശികയിലും ഇടതു യൂണിയനിൽപെട്ട ജിവനക്കാര്‍ പോലും കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് പ്രതീക്ഷിച്ചതു പോലെയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായത്. അതേസമയം, മൂന്നു മാസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രചാരണ കാലമായിരിക്കും. 13 ശതമാനമാണ് ഡിഎ കുടിശ്ശിക. ഘട്ടം ഘട്ടമായി കൊടുത്തു തീര്‍ക്കുമെന്നാണ് പ്രഖ്യാപനം. അവശേഷിക്കുന്നതിൽ ഒരു ഗഡു ഫെബ്രുവരിയിലും ബാക്കി പൂര്‍ണമായും മാര്‍ച്ചിലും നൽകുമെന്നാണ് പ്രഖ്യാപനം. പങ്കാളിത്ത പെന്‍ഷൻ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷൻ പുനസ്ഥാപിക്കുമെന്നാണിയിരുന്നു മുന്നണി വാഗ്ദാനം. ഇപ്പോള്‍ തമിഴ്നാട് മാതൃകയിൽ അഷ്വേഡ് പെന്‍ഷൻ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.
ആശ വര്‍ക്കര്‍മാരുടെ സമരത്തിൽ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായതിന് പിന്നാലെയാണ് വേതനം കൂട്ടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 1000 രൂപ വര്‍ധന നവംബറിൽ പ്രാബല്യത്തിലായിരുന്നു. ഇതിന് പുറമേയാണ് പുതിയ വര്‍ധന അങ്കണവാടി വര്‍ക്കര്‍മാരുടെ വേതനം മാത്രം ആയിരം കൂട്ടി. ഹെൽപ്പര്‍മാര്‍ക്ക് 500 രൂപയും. പ്രീപ്രൈമറി അധ്യാപകര്‍ക്കും വേതനം ആയിരം രൂപ കൂടും. സാക്ഷരതാ പ്രേരക്മാര്‍ക്കും പ്രതിമാസ വേതനം ആയിരം രൂപ കൂട്ടി. പാചക തൊഴിലാളികള്‍ക്ക് ദിവസവേതനം 25 രൂപ കൂടുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.



