'ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ല. ഇടതുമായി സഹകരിക്കുന്ന പലരും ദൈവവിശ്വാസികളാണ്. അവരെ മാറ്റിനിർത്താനാകില്ല'', പൂക്കോട്ടൂർ പറയുന്നു. 

കോഴിക്കോട്: സമസ്തയിലെ ലീഗ് അനുകൂല - വിരുദ്ധചേരികൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെ, കമ്മ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് പറയുന്ന സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ലീഗിൽ നിന്ന് സമസ്തയിലെ ഒരു പക്ഷം അകലുകയും ഇടതുമായി സഹകരിക്കുകയും ചെയ്യുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയാവുകയാണ് പൂക്കോട്ടൂരിന്‍റെ ഈ പ്രസ്താവന. 

''ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ല. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങൾ നമ്മൾ പരിശോധിച്ചാൽ, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാൽ, ചിലപ്പോഴവിടെ പാർട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കേണ്ടി വരും. അവർക്കാ പാർട്ടിയിലേ നിൽക്കാൻ കഴിയൂ. അത് പോലെ ചില പ്രദേശങ്ങളിൽ, വിദ്വേഷത്തിന്‍റെ പേരിൽ, ഇപ്പോൾ മുസ്ലിം ലീഗുകാരനാണെങ്കിലും പാർട്ടിയിൽ സ്ഥാനം കിട്ടാത്തതിന്‍റെ പേരിലോ അവഗണിച്ചതിന്‍റെ പേരിലോ അയാൾ പോകുന്നത് മാർക്സിസ്റ്റ് - കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതിൽ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്‍റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല. 

അതേസമയം, കമ്മ്യൂണിസം എന്ന തത്വം നിരീശ്വരത്വത്തിൽ അധിഷ്ഠിതമാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ പാർട്ടിയുടെ താത്വികാചാര്യൻമാർക്ക് ആ കാര്യത്തിൽ ഒരു സംശയവുമില്ലാത്തതാണ്. അവര് നിരീശ്വരത്വത്തിൽ അധിഷ്ഠിതമായാണ് നിൽക്കുന്നതെന്ന് പറഞ്ഞാൽ അവർക്കതിൽ സന്തോഷമല്ലേ ഉണ്ടാകൂ? വിദ്വേഷമുണ്ടാവില്ലല്ലോ. 

സാഹചര്യത്തിന്‍റെ പേരിൽ കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ടാവും. അവരൊക്കെ നമ്മുടെ പള്ളിയോടും മദ്രസയോടും ഒക്കെ സഹകരിക്കുന്നവരുമാവാം. അവരെയൊന്നും വെറുപ്പിക്കുന്ന സമീപനം ഇന്നുമിന്നലെയും സ്വീകരിച്ചിട്ടില്ല. പിന്നെ ഇപ്പോഴിത് ചർച്ചയാക്കേണ്ട കാര്യമെന്താണ്? ആ പാർട്ടിയിൽ എല്ലാവർക്കും മെമ്പർഷിപ്പ് കിട്ടില്ലെന്ന് നമുക്കറിയാവുന്നതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി തന്നെ വ്യക്തമാക്കുന്നത്, മതസ്ഥാപനങ്ങളുടെയോ മതസംഘടനകളുടെയോ തലപ്പത്ത് പാർട്ടിയിൽ ഉത്തരവാദിത്തപ്പെട്ടവർ വരാൻ പാടില്ല. അതദ്ദേഹം ഓപ്പണായി പറഞ്ഞതാണ്. അവർക്കത് തുറന്ന് പറയാൻ ഒരു മടിയുമില്ല.

അതുകൊണ്ട് ആശയാംഗീകാരം കൊടുത്ത ആളുകളും ആശയം ഇല്ലാതെ ആവശ്യം നേടാൻ വേണ്ടി മാത്രം കൂടെ നിൽക്കുന്ന ആളുകളും ഉണ്ടാകും. മുന്നണിയായി നിൽക്കുമ്പോൾ ഒരു മുന്നണിയോട് വിദ്വേഷമുള്ളവർ മറുമുന്നണിയിലേക്ക് പോകും. 

പക്ഷേ, ഗവൺമെന്‍റിനോട് സഹകരിക്കുക എന്നത് അതേസമയം, മറ്റൊരു വശമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സർക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു സർക്കാരിൽ നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വേണ്ടി വിദ്വേഷസമീപനം സ്വീകരിക്കാതിരിക്കാറുണ്ട്. അത് വിമർശിക്കപ്പെടേണ്ട കാര്യമല്ല. തന്ത്രപരമായ ഒരു സമീപനം എന്ന് മാത്രം കരുതിയാൽ മതി. ഇപ്പോൾ കേരളത്തിൽ ഒരു മുന്നണി ഭരിക്കുമ്പോൾ പ്യുവർ കമ്മ്യൂണിസ്റ്റുകളല്ല, മതവിശ്വാസികളെക്കൂടി കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു മുന്നണിയാണ് ഭരിക്കുന്നത്. അത് രണ്ടും രണ്ടായി കാണാനുള്ള കെൽപ്പ് വിവേകമുള്ളവർക്കുണ്ട്. ബാക്കിയുള്ളവർ വെറുതെ വിവാദമുണ്ടാക്കുകയാണ്'', അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കുന്നു. 

സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ പാസാക്കിയ പ്രമേയം തള്ളി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ രംഗത്ത് വന്നിരുന്നു. ലീഗ് നേതാക്കളും സമസ്ത നേതാക്കളും പങ്കെടുത്ത സമ്മേളനത്തില്‍ കൺവീനര്‍ സലീം എടക്കരയാണ് പ്രമേയം അവതരിപ്പിച്ചത്. ഈ സമ്മേളനത്തില്‍ മുസ്ലീം ലീഗിനെ അനുകൂലിക്കുന്ന സംസ്ഥാന സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ല്യാരടക്കമുള്ള ഒരു വിഭാഗം സമസ്ത നേതാക്കള്‍ സമസ്തയുടെ പാര്‍ട്ടിയാണ് ലീഗെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ നിലപാടിനോട് ജിഫ്രി തങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്മേളനത്തില്‍ ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചു പോകുന്നതാണ് സമസ്തയുടെ നയമെന്ന് പ്രഖ്യാപിച്ചത്. വിയോജിപ്പ് ശക്തമാണെങ്കിലും ഭിന്നത പുറത്തറിയാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. 

അതേ സമയം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസ്സാക്കിയ പ്രമേയം 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന പ്രസിഡന്‍റ് തന്നെ തള്ളിപ്പറഞ്ഞതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. ഇതിനിടെ സര്‍ക്കാരുമായി സഹകരിക്കുന്നതുമായി ബന്ധപെട്ട് സമസ്തയിലെ അഭിപ്രായ വ്യത്യാസത്തില്‍ മന്ത്രി വി. അബ്ദുറഹിമാൻ രംഗത്ത് വന്നിരുന്നു. സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നുവന്ന് കുറ്റപ്പെടുത്തിയ വി അബ്ദുറഹിമാൻ ഇത് സമസ്ത നേതാക്കള്‍ തിരിച്ചറിയുന്നുണ്ടെന്നും പറഞ്ഞു.