മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്‍ഡാണെന്നും മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. ആര് മുഖ്യമന്ത്രി ആയാലും സമസ്തയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.
കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടതായി വന്ന വാർത്തകൾ വ്യാജമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്‍ഡാണെന്നും മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. വിജയിച്ച 63 കോൺഗ്രസ് സ്ഥാനാർത്ഥികളും മുഖ്യമന്ത്രി ആവാൻ യോഗ്യരാണ്. മുഖ്യമന്ത്രി ആരായാലും സമസ്തയെ സഹായിക്കുമെന്ന് ഉറപ്പാണ്. ആര് മുഖ്യമന്ത്രി ആയാലും സമസ്തയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുഖ്യമന്ത്രി തർക്കത്തിൽ വിമർശനവുമായി സമസ്ത
102 സീറ്റുകളുമായി യുഡിഎഫ് വിജയിച്ചിട്ടും കോൺഗ്രസിൽ തുടരുന്ന മുഖ്യമന്ത്രി തർക്കത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് ജയിപ്പിച്ച് വിട്ടവരോട് പ്രതിപത്തിയില്ലെന്നും, പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തീർക്കാൻ ശേഷിയുള്ള നേതൃത്വമില്ലെന്നും സമസ്ത മുഖപത്രം സുപ്രഭാതം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയുമാണ്. ഭരണ മാറ്റത്തിന് വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കുകയാണ്. നേതാക്കളെ ബോധ്യപ്പെടുത്താൻ കഴിയാത്ത നേതൃത്വമാണോ അതോ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ പ്രശ്നമെന്ന് സുപ്രഭാതം ചോദിക്കുന്നു.

