വിശ്വാസികളുടെ ക്ഷമ സര്‍ക്കാര്‍ ദൗര്‍ബല്യമായി കാണരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് . 

കോഴിക്കോട്: ജുമുഅഃ നിസ്കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത. വിശ്വാസികളുടെ ക്ഷമ സര്‍ക്കാര്‍ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 

കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃയ്ക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി വേണം. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ചേരുമെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ഡൌൺ നിയന്ത്രണങ്ങൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത് വന്നിരുന്നു. വ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നും അടച്ചിടലല്ല, തുറന്നിടലാണ് പ്രായോഗികമെന്നും കാന്തപുരം പറഞ്ഞു. പെരുന്നാളിന് പള്ളിയിൽ ആളുകളെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്താൻ സർക്കാർ അനുവാദം നൽകണം. വെള്ളിയാഴ്ചകളിൽ പള്ളിയിൽ 40 പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona