കോഴിക്കോട്: സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണയുമായി സമസ്ത. പോരായ്മയുണ്ടെങ്കിലും പിണറായി സർക്കാറിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയെന്ന് സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം കോഴിക്കോട് പ്രതികരിച്ചു. മുസ്ളീം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നത്. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും ജമാഅത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ജമാഅത്തിനെ കൂട്ടുപിടിച്ചാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എതിർക്കുമെന്നും വ്യക്തമാക്കി. അതേ സമയം പ്രതികരണം സമസ്തയുടെ നിലപാടാകാൻ സാധ്യതയില്ലെന്നും വ്യക്തി തീരുമാനമോ പ്രതികരണോ സമതയുടേതായി വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്നും മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എൻപി ചെക്കുട്ടി പ്രതികരിച്ചു. 

കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ കേരളപര്യടനപരിപാടി ജമാഅത്തെ ഇസ്ലാമിയെ മാറ്റി നിർത്തിയാണ് നടക്കുന്നത്. നിലവിലുള്ള വെൽഫയർ പാർട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയെ യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മാറ്റി നിർത്തിയിത്. എസ് ഡിപിഐയെയും മാറ്റിനിർത്തിയിട്ടുണ്ട്. അതേ സമയം ലീഗുമായി അടുപ്പം പുലർത്തുന്ന ഇകെ സുന്നി മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളെ യോഗത്തിന് ക്ഷണിച്ചിരുന്നു.