മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിൽ. കോട്ടയം ചേറാടി സ്വദേശികളാണ് പിടിയിലായത്

പത്തനംതിട്ട: മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിൽ. കോട്ടയം ചേറാടി സ്വദേശികളായ സുനിൽ കുമാർ സി ജി, അനിൽ കുമാർ സി ജി, ഇടുക്കി പാലത്തോട്ടത്തിൽ സ്വദേശി അഭിലാൽ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് വനംവകുപ്പിന്‍റെ പിടിയിലായത്. കോന്നി ഡിവിഷനിലെ ഞള്ളൂർ നോർത്ത് കുമരം പേരൂർ സ്റ്റേഷൻ പരിധിയിൽ നിന്നാണ് വനപാലകസംഘം പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ജീപ്പ്, ഇരട്ടക്കുഴൽ തോക്ക്, മറ്റ് മാരകായുധങ്ങൾ എന്നിവ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച അതുമ്പുംകുളം ആവോലിൽകുഴി ഭാഗത്ത് വെച്ചാണ് സംഘം മ്ലാവിനെ വെടിവെച്ച് കൊന്നത്. തുടർന്ന് ഇതിന്‍റെ ഇറച്ചി വിവിധ സ്ഥലങ്ങളിലായി വിൽപന നടത്തി.

മ്ലാവിന്‍റെ തലയും ആന്തരിക അവയവങ്ങളും വനപാലകർ ആവോലിൽകുഴി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ വീണ്ടും വേട്ടക്കിറങ്ങിയത്. ഇന്നലെ പയ്യനാമൺ അടുക്കാട് ഭാഗത്ത് വെച്ച് വീണ്ടും വേട്ട നടത്താൻ ശ്രമിക്കുന്നതിനിടെ വനപാലക സംഘം ഇവരെ തന്ത്രപരമായി വളഞ്ഞ് പിടികൂടുകയായിരുന്നു. അരുവാപ്പുലം സ്വദേശിയായ പ്രശാന്തിന് പന്നിയെ വെടിവെക്കാൻ ലഭിച്ച ലൈസൻസിന്‍റെ മറവിലാണ് സംഘം വന്യമൃഗവേട്ട നടത്തിയിരുന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കും.