ദില്ലി: സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി ഡോ എ സമ്പത്ത് ഇന്ന് ചുമതല ഏൽക്കും. രാവില 10.30ന് കേരള ഹൗസിലാണ് ചടങ്ങ് നടക്കുക. തുടർന്ന് കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് കേരള ഹൗസിൽ ആരംഭിക്കുന്ന കളക്ഷൻ സെന്‍റര്‍ പ്രവർത്തനത്തിനും സമ്പത്ത് തുടക്കം കുറയ്ക്കും. 

ചുമതലയേറ്റത്തിന് ശേഷം ദില്ലിയിലെ മലയാളി സംഘടനകളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. റസിഡന്‍റ് കമ്മീഷണർ പുനീത് കുമാർ, മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്രസർക്കാരിന്‍റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സൺ ഓഫീസറായി സമ്പത്തിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്. 

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്‍റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിക്കരിക്കുമെന്ന് യുഡിഎഫ് എംപിമാർ പ്രഖ്യാപിച്ചിട്ടുണ്ട്.