കൊച്ചി കപ്പല്‍ശാല ഒരേ ദിവസം മൂന്നു വ്യത്യസ്ത കപ്പലുകള്‍ നീറ്റിലിറക്കി ചരിത്രം കുറിച്ചു. നാവികസേനയ്ക്കായി ഒരുക്കിയ അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലും രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജിങ് കപ്പലും ഇതില്‍ ഉള്‍പ്പെടുന്നു.

കൊച്ചി: ഒരേ ദിവസം വ്യത്യസ്തമായ മൂന്നു കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല. നാവികസേനയ്ക്കായി ഒരുക്കിയ അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലും രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജിങ് കപ്പലും ഇതില്‍ ഉള്‍പ്പെടുന്നു.

സാങ്കേതികത്തികവും നിര്‍മാണ വൈദഗ്ധ്യവും സമ്മേളിച്ചുണ്ടാക്കിയ മൂന്ന് കപ്പലുകള്‍. ഡ്ര‍ഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കായി തയാറാക്കിയ ഡിസിഐ ഡ്രഡ്ജ് ഗോദാവരി കൂട്ടത്തിലെ വമ്പന്‍. 12000 ക്യൂബിക് മീറ്ററാണ് ശേഷി. 127 മീറ്റര്‍ നീളവും 28.4 മീറ്റര്‍ വീതിയുമുളള കപ്പല്‍ രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജിങ് കപ്പലെന്ന് കൊച്ചി കപ്പല്‍ശാല അവകാശപ്പെടുന്നു. നെതര്‍ലന്‍റിലെ റോയല്‍ ഐഎച്ച്സിയുമായി ചേര്‍ന്ന് മൂന്നു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്ന ഐഎന്‍എസ് മഗ്ദലയ്ക്കുമുണ്ട് പ്രത്യേകതകളേറെ. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകളും വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകളും റോക്കറ്റുകളും എല്ലാം ക്രമീകരിക്കാനാവും. നാവികസേനയ്ക്കായി കൊച്ചി ഷിപ്പ്യാര്‍ഡ് നിര്‍മിച്ച് നല്‍കുന്ന ആറാമത്തെ അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലാണ് ഐഎന്‍സ് മഗ്ദല.

ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസലാണ് മൂന്നാമത്തേത്. തീരത്തുനിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമ്മീഷനിംഗും സര്‍വീസും ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ക്കായി രൂപകല്‍പന ചെയ്തതാണ് ഈ കപ്പല്‍. മണിക്കൂറില്‍ 13 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള കപ്പലിന് 93 മീറ്റര്‍ നീളവും 19.6 മീറ്റര്‍ വീതിയുമുണ്ട്.

YouTube video player