മൾട്ടിപ്ലക്സുകളിലെ അമിതവില നിയന്ത്രിക്കുമെന്ന തിരുവനന്തപുരം മേയറുടെ പ്രഖ്യാപനം പി.ആർ തട്ടിപ്പാണെന്ന് എംഎൽഎ സന്ദീപ് വാര്യർ. തിയേറ്ററുകൾക്ക് വില നിശ്ചയിക്കാൻ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ അദ്ദേഹം, നഗരസഭയുടെ ഭരണപരാജയം മറയ്ക്കാനുള്ള നാടകമാണിതെന്നും ആരോപിച്ചു.
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി ആർ തട്ടിപ്പും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവുമാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര്യർ. ഭരണപരമായ അധികാരങ്ങളോ നിയമപരമായ യാഥാർത്ഥ്യങ്ങളോ പരിശോധിക്കാതെ, കേവലം മാധ്യമശ്രദ്ധയും സോഷ്യൽ മീഡിയ കൈയടിയും മാത്രം ലക്ഷ്യമിട്ടാണ് മേയർ ഇത്തരം വീൺവാക്കുകൾ പടച്ചുവിടുന്നതെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളായ സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ വില നിശ്ചയിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യാതൊരു നിയമപരമായ അധികാരവുമില്ലെന്നതാണ് യാഥാർത്ഥ്യം. തിയേറ്ററുകൾ സ്വകാര്യ ഇടങ്ങളാണെന്നും അവിടെ വിൽക്കുന്ന സാധനങ്ങൾക്ക് സ്വന്തം നിലയിൽ വില നിശ്ചയിക്കാനുള്ള പൂർണ്ണ അവകാശം തിയേറ്റർ ഉടമകൾക്കുണ്ടെന്നും 2023ൽ സുപ്രീം കോടതി വളരെ വ്യക്തമായി ഉത്തരവിട്ടിട്ടുള്ളതാണ്.
അഭിഭാഷകൻ കൂടിയായ മേയർക്ക് ഈ നിയമപരമായ പരിമിതി വ്യക്തമായി അറിയാമായിരുന്നിട്ടും, നഗരസഭ ഇടപെട്ട് വില നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്നത് തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ്. നഗരസഭ അത്തരമൊരു ഉത്തരവിറക്കിയാൽ തന്നെ കോടതിയിൽ ഒരു മിനിറ്റ് പോലും നിലനിൽക്കില്ല. കഴിവുണ്ടെങ്കിൽ അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിലെ അമിതവില കുറപ്പിയ്ക്കാൻ മേയർ തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.
തിയേറ്ററുകളിലും എയർപോർട്ടുകളിലും പ്രത്യേക പാക്കേജിംഗും ഇരട്ട എംആർപിയും വെച്ച് ഉപഭോക്താക്കളെ പിഴിയുന്നത് തടയേണ്ടത് ലീഗൽ മെട്രോളജി ആക്ടും ഉപഭോക്തൃ സംരക്ഷണ നിയമവും കർശനമാക്കിക്കൊണ്ടാണ്. ഈ നിയമങ്ങൾ നിർമ്മിക്കാനും നടപ്പിലാക്കാനും പൂർണ്ണ അധികാരമുള്ളത് കേന്ദ്രത്തിലെ ബിജെപി സർക്കാരിനാണ്. വർഷങ്ങളായി ഭരണത്തിലിരുന്നിട്ടും മൾട്ടിപ്ലക്സുകളിലെ ഈ പകൽകൊള്ള തടയാൻ ഒരു ദേശീയ നയമോ നിയമഭേദഗതിയോ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്വന്തം സർക്കാരിന്റെ ഈ വീഴ്ചയും കോർപ്പറേറ്റ് പ്രീണനവും മറച്ചുവെക്കാനാണ് നഗരസഭയുടെ തലയിൽ ബാധ്യത വെച്ച് കെട്ടി മേയർ സ്വയം പരിഹാസ്യനാകുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം, പുറത്തുനിന്നുള്ള വെള്ളം വിലക്കുന്ന തിയേറ്ററുകൾ കാണികൾക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കാൻ ബാധ്യസ്ഥരാണ്. തിയേറ്ററുകൾക്ക് ലൈസൻസും ഹെൽത്ത് പെർമിറ്റും നൽകുന്ന നഗരസഭയ്ക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം, ഇത്തരത്തിൽ സൗജന്യ കുടിവെള്ള കൗണ്ടറുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരെ വിട്ട് പരിശോധിപ്പിക്കുക മാത്രമാണ്. തങ്ങളുടെ അധികാരപരിധിയിലുള്ള ഈ അടിസ്ഥാന പരിശോധന പോലും നടത്താൻ കഴിയാത്തവരാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണി മുഴക്കുന്നത്.
തലസ്ഥാന നഗരത്തിലെ മാലിന്യപ്രശ്നം, തകർന്നടിഞ്ഞ റോഡുകൾ, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, സാധാരണക്കാർക്കുള്ള അടിസ്ഥാന കുടിവെള്ള വിതരണം തുടങ്ങി ജനം നിത്യേന അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരു പരിഹാരവും കാണാൻ കഴിയാത്ത തിരുവനന്തപുരം നഗരസഭയുടെ ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത്തരം തട്ടിപ്പ് പ്രഖ്യാപനങ്ങൾ കൊണ്ട് സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ കഴിയില്ലെന്ന് ബി.ജെ.പി മനസ്സിലാക്കണമെന്നും, വിലകുറഞ്ഞ പി.ആർ. നാടകങ്ങൾ അവസാനിപ്പിച്ച് നഗരസഭയുടെ യഥാർത്ഥ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ മേയർ തയ്യാറാവണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.


