കോഴിക്കോട്: കൂടത്തായി കേസിലെ ഗൂഢാലോചനയിൽ ആശുപത്രി അധികൃതർക്ക് പങ്കില്ലെന്ന് ഓമശേരി ശാന്തി ആശുപത്രി അഡ്മിനിസ്ട്രറ്റീവ് ഓഫീസർ എം വി മുബാറക്ക്. മരിച്ചവരുടെ ആശുപത്രി രേഖകൾ പൊലീസിന് നൽകിയതായും രേഖകളിൽ അസ്വഭാവികത ഒന്നുമില്ലെന്നും മുബാറക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയും നിലവിലെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയും ദീർഘകാലമായി ശാന്തി ആശുപത്രിയിൽ ചികിത്സ തേടിയവരാണ്. മരിക്കുന്നതിന് ഒരു വർഷം മുമ്പ് അപസ്മാര രോഗത്തെ തുടർന്ന് സിലിയെ ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. അതിനാൽ വീണ്ടും കൊണ്ടുവന്നപ്പോൾ സംശയം തോന്നിയില്ലെന്നും മുബാറക് വ്യക്തമാക്കി.

കൂടത്തായിലെ പൊന്നമറ്റം കുടുംബത്തിൽ മരണപ്പെട്ട ആറുപേരെയും അവസാനമായി ചികിത്സയ്ക്കായി പ്രവേശിച്ചത് ശാന്തി ഹോസ്പിറ്റലിലാണെന്ന വിവരത്തെ തുടർന്ന് ആശുപത്രിയിലെ റെക്കോർഡുകൾ പരിശോധിച്ചിരുന്നു. ഒരു മാസം മുമ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വരുകയും മരണപ്പെട്ടവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് വിവരങ്ങൾ കൈമാറിയിരുന്നു.

മരിക്കുന്നതിന് രണ്ടുവർഷം മുമ്പ് ശാന്തി ആശുപത്രിയിലെ വിവിധ വകുപ്പുകളിൽ മാത്യു ചികിത്സ തേടിയിരുന്നു. ഏകദേശം 20 തവണയെങ്കിലും മാത്യു ചികിത്സയ്ക്കായി ആശുപത്രിയിൽ വന്നിട്ടുണ്ട്. പ്രമേഹം, ഹൃദ്രോ​ഗം എന്നീ രോ​ഗങ്ങൾ ഉണ്ടായിരുന്നു. 2014-ലാണ് അബോധാവസ്ഥയിൽ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കായി വരുന്ന രോ​ഗി ആയതിനാൽ മാത്യുവിന്റെ മരണത്തിൽ അസ്വാഭാവികതയെന്നും തോന്നിയിരുന്നില്ല.

സിലിയുടെ വിവിരങ്ങളും പരിശോധിച്ചിരുന്നു. 2014-ലാണ് സിലിയെ അപസ്മാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി സിലിയെ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വീണ്ടും 2016-ലാണ്  ഭർത്താവും ബന്ധുക്കളും ചേർന്ന് സിലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുമ്പ് അപസ്മാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സിലിയുടെ മരണത്തിലും അസ്വാഭാവികത തോന്നിയിരുന്നില്ല.

സിലിയുടെ മകൾ ആൽഫയെ 2015ൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ 11 മണിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൽഫ വിദ​ഗ്ധ ചികിത്സയ്ക്കായി സിലിയെ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് ആൽഫയുടെ മരണവിവരം അറിയുന്നത്.

മരിച്ച റോയിയെ ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടില്ല. 2002-ൽ മരിച്ച അന്നമ്മയെയും 2008-ൽ മരിച്ച ടോം തോമസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമായിട്ടില്ലെന്നും എം വി മുബാറക്ക് വ്യക്തമാക്കി.