കൊച്ചി: യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ, ലൈഫ് മിഷൻ സിഇഒ യു വി ജോസ് എന്നിവർ കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഓഫീസിലെത്തി. ഇരുവരേയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും. ലൈഫ് മിഷൻ കമ്മീഷൻ ഇടപാടിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാല് കോടി നാൽപ്പത്തി എട്ട് ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ഐ ഫോൺ കൂടി സ്വപ്ന സുരേഷിന് നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോൺ ആണ് ലൈഫ് മിഷൻ മേൽനോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിനാണ് ലഭിച്ചതെന്ന വിവരം പുറത്ത് വന്നിരുന്നു. 

എൻഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ ഒപ്പിട്ട് നൽകിയ മൊഴി പകർപ്പിൽ താൻ ഉപയോഗിക്കുന്ന ഫോണുകളുടെ IMEI നമ്പ‌‌ർ കൂടി നൽകിയിരുന്നു. യൂണിടാക് ഹൈക്കോടതിയിൽ സമർപ്പിച്ച ഫോണുകളുടെ ബില്ലിലെ IMEI നമ്പറും ശിവശങ്കർ ഉപയോഗിക്കുന്ന ഫോണുകളിലൊന്നിന്‍റെ നമ്പറും ഒന്ന് തന്നെയാണ്.