വെറും 10 മിനിറ്റിനുള്ളിൽ തീർക്കേണ്ട വിഷയമാണ്. അപ്പോൾ ടെക്നോളജിയുടെ അങ്ങേയറ്റം എന്നുള്ളതല്ല ഒരുനാടിന്റെ വിജയം. മനുഷ്യത്വത്തിന്റെയും മനുഷ്യന്റെ പ്രായോഗിക ബുദ്ധിയുടെയും അങ്ങേയറ്റമുള്ളതാണെന്ന് മനസ്സിലാക്കി തന്നതായിരുന്നു ആ സംഭവം.
തിരുവനന്തപുരം: ജപ്പാൻ യാത്രയിൽ തനിക്കും സംഘത്തിനുമുണ്ടായ ദുരനുഭവം മുഖ്യമന്ത്രിക്ക് മുന്നിൽ വിവരിച്ച് യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര. നാം മുന്നോട്ട് പരിപാടിയിലായിരുന്നു കുളങ്ങര സ്വന്തം അനുഭവം വിവരിച്ചത്. ടോക്യോയിൽ നിന്ന് ഫ്യുജിയിലേക്ക് ബസിൽ യാത്ര ചെയ്ത സമയത്തെ അനുഭവമാണ് അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ പ്രധാന ഹൈവേയിലൂടെയാണ് യാത്ര. കുറച്ച് നേരം പിന്നിട്ടപ്പോൾ കനത്ത ട്രാഫിക് ബ്ലോക്ക്. 15 മിനിറ്റ് കഴിഞ്ഞപ്പോൾ മൊബൈൽ ഫോണിൽ വാർത്ത കണ്ട് ഡ്രൈവർ കാര്യം പറഞ്ഞു. നമ്മുടെ ഒരു കിലോമീറ്റർ മുന്നിൽ ഒരുബസ് അപകടത്തിൽപ്പെട്ടിരിക്കുന്നു. അതാണ് ബ്ലോക്കിന് കാരണം. വാഹനത്തിൽ നിന്ന് ഇറങ്ങരുതെന്ന് അറിയിപ്പ് ലഭിച്ചു. ട്രാഫിക് മണിക്കൂറുകളോളം നീണ്ടു. പത്തുമുപ്പത് കിലോമീറ്ററുകളോളം വാഹനങ്ങൾ അനങ്ങാതെ കിടക്കുകയാണ്. ഈ സമയമൊന്നും ആരും പുറത്തിറങ്ങിയില്ല. ഏകദേശം മൂന്ന് മണിക്കൂറോളം വാഹനങ്ങൾ അനങ്ങാതെ കിടന്നു. ഇവിടേക്ക് ആംബുലൻസ് എത്തുന്നത് രണ്ടര മണിക്കൂറുകൾ കഴിഞ്ഞാണ്.
അതിനിടയിൽ മുകളിലൂടെ ഹെലികോപ്ടറുകൾ പറക്കുന്നുണ്ട്. കുറച്ച് സമയം കഴിഞ്ഞ് കുറച്ച് വാഹനങ്ങളെ കടത്തിവിട്ടു. മുന്നിലേക്ക് പോയപ്പോഴാണ് അപകടമെന്താണെന്ന് മനസ്സിലായത്. ഒരുബസിന്റെ പിറകിൽ മറ്റൊരു ബസിന്റെ പിന്നിൽ ചെറുതായൊന്ന് തട്ടി. ഇത് നമ്മുടെ നാട്ടിലാണെങ്കിൽ പുറകിലെ ബസിലുള്ളവർ ഇറങ്ങിച്ചെല്ലും. അപകടത്തിൽപ്പെട്ട ബസ് തള്ളിമാറ്റി സൈഡിലേക്ക് മാറ്റിയിടും. പത്ത് മിനിറ്റിനുള്ളിൽ വഴി ക്ലിയർ ചെയ്യും. ഞങ്ങൾ പോകുമ്പോഴും അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാർ എങ്ങോട്ട് പോകുമെന്നറിയാതെ ആംബുലൻസ് കാത്തിരിക്കുകയാണ്.
വെറും 10 മിനിറ്റിനുള്ളിൽ തീർക്കേണ്ട വിഷയമാണ്. അപ്പോൾ ടെക്നോളജിയുടെ അങ്ങേയറ്റം എന്നുള്ളതല്ല ഒരുനാടിന്റെ വിജയം. മനുഷ്യത്വത്തിന്റെയും മനുഷ്യന്റെ പ്രായോഗിക ബുദ്ധിയുടെയും അങ്ങേയറ്റമുള്ളതാണെന്ന് മനസ്സിലാക്കി തന്നതായിരുന്നു ആ സംഭവം. ഒരു പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന ബോധത്തിൽ നമ്മുടെ നാട് ലോകത്തിന്റെ നെറുകയിൽ തന്നെയാണെന്നും കുളങ്ങര പറഞ്ഞു.


