ആനന്ദ് രണ്ട് ദിവസം മുമ്പ് രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകുകയും കൗൺസിലിംഗ് നൽകുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് സഹോദരൻ അരവിന്ദൻ. പേരൂർക്കട എസ്എച്ച്ഒയ്ക്കും എസ്എപി കമാൻഡന്റിനും കുടുംബം പരാതി നൽകി. ഇന്ന് രാവിലെയാണ് ആനന്ദിനെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് രണ്ട് ദിവസം മുമ്പ് രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകുകയും കൗൺസിലിംഗ് നൽകുകയും ചെയ്തിരുന്നു. മേലുദ്യോഗസ്ഥർ വിവരമന്വേഷിച്ചപ്പോൾ പ്രശ്നങ്ങളൊന്നുമില്ല എന്നായിരുന്നു ആനന്ദിന്റെ മറുപടി. മൊഴിയെടുത്ത പൊലീസിനോടും ഇങ്ങനെയാണ് പറഞ്ഞതെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ബാരക്കിൽ വിശ്രമത്തിലായിരുന്ന ആനന്ദ് സന്തോഷവാനായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ഇറങ്ങാമെന്നും പറഞ്ഞിരുന്നു.
എന്നാൽ സുഹൃത്തുക്കൾ പരിശീലനത്തിനും കൂടെയുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്കും പോയ സമയത്താണ് ആനന്ദ് ബാരക്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർക്കട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ലീവ് നിഷേധിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. മാത്രമല്ല, പ്ലാറ്റൂൺ ലീഡറാകുന്നതിൽ ആനന്ദ് വിമുഖത കാണിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ബി കമ്പനിയിലെ ലീഡറായിരുന്നു ആനന്ദ്. വിതുര മീനാങ്കൽ സ്വദേശിയാണ് ആനന്ദ്. ഇന്നലെ അമ്മയും സഹോദരനും ആനന്ദിനെ സന്ദർശിച്ചിരുന്നു. പ്ലാറ്റൂണ്‍ ലീഡർ ആയ ശേഷം മാനസിക സംഘർഷത്തിലായിരുന്നു ആനന്ദ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആസുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



