കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശരണ്യയുടെ കുടുംബം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കണ്ടു. തെരച്ചിൽ ഊർജിതമാക്കാൻ അദ്ദേഹം നിർദേശം നൽകി.
കുടക്: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ നേരിട്ട് കണ്ട്, കുടകിൽ ട്രക്കിങിനിടെ കാണാതായ ശരണ്യയുടെ കുടുംബം. തെരച്ചിൽ ഊർജിതമാക്കാൻ എസ്പിക്ക് നിർദേശം നൽകുമെന്ന് ഡി കെ ശിവകുമാർ കുടുംബത്തിന് ഉറപ്പു നൽകി. മകളെ കണ്ടെത്തുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് ശരണ്യയുടെ അച്ഛൻ ഗോപി പറഞ്ഞു. ഏപ്രിൽ രണ്ടാം തീയതി മുതലാണ് ശരണ്യയെ കാണാനില്ലെന്നറിഞ്ഞത്. ആദ്യം നാദാപുരം പൊലീസിൽ പരാതി നൽകി. ട്രക്കിങ് ഇഷ്ടമുള്ള ആളാണ് ശരണ്യ. രണ്ടാഴ്ച മുൻപാണ് ശരണ്യ വീട്ടിൽ വന്നതെന്ന് അച്ഛൻ പറഞ്ഞു. കുടുംബാംഗങ്ങൾ കുടകിലുണ്ട്.
വഴി തെറ്റാൻ സാധ്യത ഇല്ലാത്ത സ്ഥലമാണെന്നും വഴി വളരെ വ്യക്തമായി കാണാമെന്നും ശരണ്യയുടെ സഹോദരൻ ശ്യാം പറഞ്ഞു. സഹോദരിക്ക് എന്തുപറ്റി എന്ന് അറിയില്ല. വഴി തെറ്റി എന്നതിന് അടയാളങ്ങൾ ഒന്നും ഇല്ല. ട്രക്കിങിന് പോയി അനുഭവം ഉള്ള ആളാണ് സഹോദരി. വഴി തെറ്റിയാൽ എന്ത് ചെയ്യണം എന്ന് അവൾക്ക് അറിയാം. അത്തരം സൂചനകൾ ഒന്നും പ്രദേശത്ത് ഇല്ല. അന്വേഷണം മറ്റു തലത്തിലേക്കും കൊണ്ടു പോകണം. തെരച്ചിൽ വിഫലമാകുമോ എന്ന് ആശങ്കയുണ്ടെന്നും ശ്യാം പറഞ്ഞു. തെരച്ചിൽ സംഘത്തിന് ഒപ്പം രണ്ട് ദിവസമായി ശ്യാം ഉണ്ട്.
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചിൽ സംഘത്തിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ജി എസ് (36) തനിച്ചാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്‍റമോൾ കയറാനാണ് എത്തിയത്. അവിടെ നിന്ന് പത്തംഗ സംഘത്തിൽ ഒരാളായാണ് ശരണ്യ ട്രക്കിന് പോയത്. ഉച്ചയ്ക്കുശേഷം തിരിച്ചിറങ്ങിയവരോട് ശരണ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളിൽ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. ശരണ്യ മലമുകളിൽ ഒരു നായയുടെ കൂടെ കളിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടുവെന്നും താൻ വന്നോളാമെന്നാണ് പറഞ്ഞതെന്നും മടങ്ങി വന്നവർ പറഞ്ഞു. ശരണ്യയെ രണ്ടാം തീയതി ഉച്ച മുതലാണ് കാണാതായത്.
ഫോണിൽ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു. അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടൻ തന്നെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാരെയും ട്രൈബൽ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഡോഗ് സ്ക്വാഡ് അടക്കം 150ഓളം പേര്‍ ചേര്‍ന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് 80ലധികം പേര്‍ പരിശോധന നടത്തുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നേക്ക് നാലു ദിവസമായിട്ടും ശരണ്യയെ കണ്ടെത്താനായിട്ടില്ല.



