തിരുവനന്തപുരം: അരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഗാനരചയിതായും വയലാര്‍ രാമവര്‍മയുടെ മകനുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ രംഗത്ത്. ദിവാന്‍റെ പട്ടാളത്തിന് വിരുന്നൊരുക്കിയവരാണ് പുളിക്കല്‍ തറവാടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിമര്‍ശനം. എന്നാല്‍, കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകള്‍ നുണയുടെ വെള്ളിനാണയങ്ങള്‍ മാത്രമാണെന്ന് ശരത്ചന്ദ്ര വര്‍മ ഫേസ്ബുക്കില്‍ കുറിച്ചു.

50 വര്‍ഷമായി തനിക്കും അതിന് മുമ്പ് രാഘവപറമ്പില്‍ കുടുംബവും ആത്മബന്ധം പുലര്‍ത്തിയവരാണ് പുളിക്കല്‍ കുടുംബമെന്ന് ശരത്ചന്ദ്ര വര്‍മ വ്യക്തമാക്കി. ആദ്യം പറഞ്ഞ നുണ നാണയങ്ങളില്‍ അദ്ദേഹം സ്വര്‍ണം പൂശുകയായിരുന്നു. സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍നിന്നുണ്ടായത്. കേട്ടറിഞ്ഞത് വാസ്തവമാണോ എന്നന്വേഷിക്കാതെ എടുത്തുചാടാന്‍ പാടില്ലായിരുന്നു. മനുഷ്യാവകാശത്തിന് വേണ്ടി പോരാടിയ നൂറുകണക്കിനാളുകളെ വെടിവെച്ചിടാന്‍ കല്‍പ്പിച്ച അന്നത്തെ ദിവാന്‍ 1917ല്‍ നെഹ്റുവിനോടൊപ്പം കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയായി സ്ഥാനം വഹിച്ചൊരാള്‍ കൂടിയാണെന്നും ശരത്ചന്ദ്ര വര്‍മ വ്യക്തമാക്കി. 

വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾപ്പുറം ആത്മാരാമത്തിൽ വയലാറിനിടം നൽകിയ, നൽകുന്ന, രവിച്ചേട്ടനുൾപ്പടെയുള്ള എല്ലാ ഇൻഡ്യൻ നാഷനൽ കോൺഗ്രസ്സുകാരോടും നന്ദിയോടെ, ബഹുമാനത്തോടെ അഭ്യർത്ഥിച്ചോട്ടെ...

അമ്പത് കൊല്ലങ്ങളായി ഞാനും, അതിന്  മുമ്പേ രാഘവപറമ്പിൽ കുടുംബവും പച്ച മനുഷ്യരെ പോലെ ആത്മബന്ധം സ്ഥാപിച്ച് തുടരുന്ന വയലാറിലെ പുളിക്കൽ കുടുംബം ദിവാന്‍റെ പട്ടാളത്തിന് വിരുന്നൊരുക്കിയെന്ന കെ.പി.സി.സി.അദ്ധ്യക്ഷന്‍റെ വാക്കുകൾ നുണയുടെ വെള്ളിനാണയങ്ങൾ മാത്രമാണ്. ചെന്നായക്ക് നിഷ്കളങ്കനായ ആട്ടിൻകുട്ടിയെ അകത്താക്കി വിശപ്പു് മാറ്റാൻ വേണ്ടി പറഞ്ഞ, കുടിവെള്ളം കലക്കിയെന്ന മുടന്തൻ ന്യായം പോരാതെ വന്നപ്പോൾ, നീയല്ലെങ്കിൽ നിന്‍റെ കൂട്ടത്തിലുള്ളവരായിരിക്കുമെന്ന മന്തുള്ള മുടന്തൻ വാദംപോലെ, ആദ്യം പറഞ്ഞ നുണ നാണയങ്ങളിൽ അദ്ദേഹം സ്വർണ്ണം പൂശുകയായിരുന്നു. ദു:ഖം കലർന്ന പ്രതിഷേധത്തോടെ അറിയിച്ചോട്ടെ. ആ സ്ഥാനത്തിനെ അജഗളസ്തനയിടമാക്കേണ്ടായിരുന്നു.( ആടിന്‍റെ കഴുത്തിൽ മുലരൂപത്തിലുള്ള പ്രയോജനമില്ലാത്ത മാംസപിണ്ഡം).

വയലാർ സമരനാളിൽ രണ്ട് വയസ് മാത്രമുള്ള അദ്ദേഹവും, സമരകാലം കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞു് പിറന്ന എന്‍റെ ജ്യേഷ്ഠസഹോദരന് തുല്യനായ ശ്രീ ഡി സുഗതനും, അതിനുമൊക്കെ വളരെ താഴെ പ്രായമുള്ള ഞാനുമൊക്കെ കേട്ടറിഞ്ഞവർ മാത്രം. കൊണ്ടറിഞ്ഞവരേക്കാൾ (ഇപ്പോളാരുമില്ലെന്നു് കരുതാം), കണ്ടറിഞ്ഞവരേക്കാൾ (ഒരാൾ വയലാറിൽ ഇപ്പോഴുമുണ്ട്) കേട്ടറിഞ്ഞത് വാസ്തവമോ എന്നന്വേഷിക്കാതെ എടുത്തു ചാടേണ്ടായിരു ന്നു. മറുപടി എഴുതാൻ വൈകിയത് അന്വേഷിക്കാൻ തീരുമാനിച്ചതിനാലാണ്. കണ്ടറിഞ്ഞയാളെ കേട്ടപ്പോൾ കിട്ടിയ സത്യമാണു് ഇവിടെ കുറിച്ചത്.

കൂടാതെ കേട്ടറിഞ്ഞ ചരിത്രം വായിച്ചപ്പോൾ ഒന്നുകൂടിയറിഞ്ഞു. മനുഷ്യാവകാശത്തിന് വേണ്ടി പൊരുതിയ നൂറുകണക്കിനാളുകളെ വെടിവെച്ചിടാൻ കല്പിച്ച അന്നത്തെ ദിവാൻ 1917 ൽ നെഹ്റുവിനോടൊപ്പം കോൺഗ്രസ്സിന്‍റെ സെക്രട്ടറിയായി സ്ഥാനം വഹിച്ചയാൾകൂടിയാണെന്ന സത്യം. പുളിക്കൽ ചരിത്രം തിരുത്തിയ അദ്ദേഹം ഇതുമിനി തിരുത്തുമോ. ചരിത്രം മാറ്റിയെഴുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ ഇപ്പോഴുള്ള നമ്മുടെ യാത്ര.