Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത്'; ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന സരിത്തിന്‍റെ മൊഴി അതീവ ഗൗരവതരം'; സുധാകരന്‍

ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിന്‍റെ പകപോക്കലാണ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ നടക്കുന്നതെന്നും സുധാകരന്‍

sarith statement against police officers that they forced him to speak against ramesh chennithala is severe says K Sudhakaran
Author
Trivandrum, First Published Jul 11, 2021, 5:41 PM IST

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്‍റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെ സുധാകരന്‍. ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിന്‍റെ പകപോക്കലാണ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ നടക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം കൃത്യമായി മുന്നോട്ടു പോയാല്‍ അതെത്തുക എവിടെയായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതൊഴിവാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കാലു പിടിച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. 

കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവരുടെ പേര് സ്വര്‍ണ്ണക്കടത്തില്‍ ഉണ്ടെന്ന് വരുത്താന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ കേസിലെ പ്രതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. നയതന്ത്രചാനലിലൂടെ നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത്തിനെ കൊണ്ട് ഇത്തരമൊരു മൊഴി ഉണ്ടാക്കുന്നതിനാണ് ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അതിന് വഴങ്ങാതിരുന്ന സരിത്തിനെ ജയിലിനകത്ത് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. 

പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിന്‍റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നത്. പക വീട്ടാന്‍ ഏതറ്റവും വരെ പോകുന്ന പിണറായി വിജയന്‍റെ വൃത്തികെട്ട മനസാണ് ഇതിലൂടെ മറനീക്കി വരുന്നത്. സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധപ്പെട്ടത് പിണറായി വിജയന്‍റെ ഓഫീസും അദ്ദേഹത്തിന്‍റെ വിശ്വസ്തരായ ആളുകളുമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇനിയും തിരിച്ചെടുത്തിട്ടില്ല. 

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം കൃത്യമായി മുന്നോട്ട് പോയാല്‍ അതെത്തുക എവിടെയായിരിക്കുമെന്ന കൃത്യമായ ബോധ്യം കേരളത്തിലെ പൊതുസമൂഹത്തിനുണ്ട്. അതൊഴിവാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കാലു പിടിക്കുന്ന പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. രമേശ് ചെന്നിത്തലയെ പോലൊരു നേതാവിന്‍റെ പ്രതിഛായ തകര്‍ത്ത് ഈ അധോലോക റാക്കറ്റിന്‍റെ ഭാഗമാണ് പ്രതിപക്ഷത്തുള്ളവരുമെന്ന് വരുത്താനുള്ള പിണറായി വിജയന്‍റെ ശ്രമം വിലപ്പോവില്ല. 

സര്‍ക്കാരിന്‍റെ ശമ്പളം പറ്റി പിണറായി വിജയനും സിപിഎമ്മിനും വേണ്ടി വിടുപണിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്‍റെ വഴിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റാനും വ്യാജമൊഴി സൃഷ്ടിക്കാനായി ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും തയ്യാറാകണം. ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

രമേശ് ചെന്നിത്തലയ്‌ക്കെതിരേ പകപോക്കല്‍ രാഷ്ട്രീയം തുടരാനാണ് പിണറായി വിജയന്‍റേയും കൂട്ടരുടേയും നീക്കമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ട്. കള്ളക്കഥകളുണ്ടാക്കി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള പിണറായി വിജയന്‍റെ ശ്രമം വിലപ്പോവില്ല. കേരളത്തിലെ ബഹുജനങ്ങളെ അണിനിരത്തി അത്തരം കുത്സിത നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.

Follow Us:
Download App:
  • android
  • ios