Asianet News MalayalamAsianet News Malayalam

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത നൽകിയ ഹർജി; അമിക്കസ് ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി

രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്.

saritha s nair petition seek 164 statement of swapna suresh high court appointed amicus curiae
Author
Kochi, First Published Jul 1, 2022, 1:38 PM IST

കൊച്ചി: സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്. സ്വപ്നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്നറിഞ്ഞെന്നും അതിനാൽത്തന്നെ മൊഴിയുടെ പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഹർജി ഈ മാസം 11ന് വീണ്ടും പരിഗണിക്കും. 

അതേസമയം, സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം തവണയാണ് സ്വപ്ന ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തുടങ്ങിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്. 

അതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവസ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ഹൈകോടതി സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന് കണ്ടായിരുന്നു കോടതി നടപടി. എന്നാൽ അന്വേഷണ സംഘം പിന്നീട് വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചു.ഇതിന് പോലീസിനുള്ള അധികാരത്തെ തടയാൻ കഴിയുകയില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios