Asianet News MalayalamAsianet News Malayalam

അയ്യപ്പഭക്തരുടെ നെഞ്ചിൽ തീ കോരിയിട്ടവർക്കുള്ള തിരിച്ചടിയാകും സുപ്രീംകോടതി വിധിയെന്ന് ശശികുമാർ വർമ്മ

ദേവസ്വം ബോർഡ് നിലപാട് മാറ്റം സ്വാഗതാർഹമാണ്. തെറ്റ് പറ്റിയെന്ന തിരിച്ചറിവിലാണ് ബോർഡിന്റെ നിലപാട് മാറ്റമെന്ന് ശശികുമാർ വർമ്മ.

sasikumar varma on Sabarimala women entry review petitions
Author
Pandalam, First Published Jan 13, 2020, 10:48 AM IST

പന്തളം: ശബരിമല യുവതീപ്രവേശന കേസില്‍ സുപ്രീംകോടതിയിൽ നിന്ന് ശുഭകരമായ വാർത്ത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പന്തളം കൊട്ടാര നിർവ്വാഹക സംഘം പ്രസിഡന്‍റ് ശശികുമാർ വർമ്മ. അയ്യപ്പഭക്തരുടെ നെഞ്ചിൽ തീ കോരിയിട്ടവർക്കുള്ള തിരിച്ചടി ആകും സുപ്രീംകോടതി വിധിയെന്നും ശശികുമാർ വർമ്മ പറഞ്ഞു. ദേവസ്വം ബോർഡ് നിലപാട് മാറ്റം സ്വാഗതാർഹമാണ്. തെറ്റ് പറ്റിയെന്ന തിരിച്ചറിവിലാണ് ബോർഡിന്റെ നിലപാട് മാറ്റമെന്നും ശശികുമാർ വർമ്മ കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങള്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് ഇന്നുമുതല്‍ പരിഗണിക്കും. പുനഃപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേൾക്കണമെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ വിശാല ബഞ്ചിൽ ജസ്റ്റിസ് ആർ ഭാനുമതി മാത്രമാണ് ഏക വനിതാംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വരറാവു, മോഹൻ എം ശാന്തനഗൗഡർ, അബ്ദുൾ നസീർ, സുഭാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങൾ. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബെഞ്ചിലെ ഒരംഗങ്ങളും, എതിർവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയടക്കം പുതിയ ബഞ്ചിലില്ല എന്നതാണ് ശ്രദ്ധേയം.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ്, റോഹിൻടൺ നരിമാൻ, ഇന്ദുമൽഹോത്ര എന്നിവരാണ് ശബരിമല യുവതീപ്രവേശനഹർജികൾ പരിഗണിച്ച അഞ്ചംഗഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്. ഒന്നിനെതിരെ നാല് എന്ന തരത്തിൽ ഭൂരിപക്ഷം ന്യായാധിപരും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്നും ആരാധനയ്ക്ക് തുല്യാവകാശമുണ്ടെന്നും വിധിച്ചു. 2018 സെപ്റ്റംബർ 28-നായിരുന്നു ഈ ചരിത്രവിധി. 

Also Read: ശബരിമല ഹർജികൾ ഇന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ചിൽ, പരിഗണിക്കുക നിർണായകമായ ഏഴ് ചോദ്യങ്ങൾ

Follow Us:
Download App:
  • android
  • ios