കോണ്‍ഗ്രസില്‍ വന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകളെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യവും തന്‍റെ വ്യക്തി രാഷ്ട്രീയവും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് തുറന്നുപറയുകയാണ് സന്ദീപ് വാര്യര്‍.
ചെറുപ്പത്തില്‍ ഇടതുപക്ഷത്തോടായിരുന്നു അനുഭാവം, പിന്നീട് ബിജെപിയില്‍ ചേര്‍ന്നു, ഒടുവില്‍ അവിടം വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ രാഷ്ട്രീയനേതാവ്. ഇപ്പോഴിതാ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് സന്ദീപ് വാര്യര്‍. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം. കോണ്‍ഗ്രസില്‍ വന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകളെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യവും തന്‍റെ വ്യക്തി രാഷ്ട്രീയവും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് തുറന്നുപറയുകയാണ് സന്ദീപ് വാര്യര്‍.
കോണ്‍ഗ്രസില്‍ വന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്
ഞാൻ കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നു വന്നിട്ടുള്ളത് സ്വതന്ത്രമായിട്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിച്ചു കൊണ്ടും പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഒരു പ്ലാറ്റ്ഫോം എന്നുള്ള നിലയ്ക്കും മതനിരപേക്ഷമായിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം ആഗ്രഹിച്ചുകൊണ്ടുമാണ്. അത് എനിക്ക് കോൺഗ്രസ് പാർട്ടി പ്രൊവൈഡ് ചെയ്തിട്ടുമുണ്ട്. എന്നെ കെപിസിസി ജനറൽ സെക്രട്ടറിയാക്കി. അതിലപ്പുറം എന്റെ സേവനം പാർലമെന്ററി രംഗത്ത് ആവശ്യമുണ്ടോ എന്നുള്ളത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വമാണ്. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം എനില്‍ നിന്ന് ആവശ്യപ്പെടുന്നത് പാർലമെൻട്രി രംഗത്തുള്ള പ്രവർത്തനം ആണെങ്കിൽ തീർച്ചയായിട്ടും ഞാൻ ആ പാർട്ടി പറയുന്നത് കേൾക്കും. അതല്ല പാർട്ടി സംഘടന രംഗത്താണ് എന്നെ പ്രതീക്ഷിക്കുന്നതെങ്കിൽ തീർച്ചയായിട്ടും ആ സംഘടന രംഗത്ത് മുന്നോട്ട് പ്രവർത്തിച്ചു കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കും
ഞാൻ ആ തരത്തിൽ ഏതെങ്കിലും ഒരു പ്രത്യേക സീറ്റ് എന്ന രീതിയില്‍ ആഗ്രഹിക്കുകയോ അത് സംബന്ധിച്ചിട്ടുള്ള ഏതെങ്കിലും തരത്തിലൊരു കമ്മ്യൂണിക്കേഷൻ പാർട്ടി നേതൃത്വവുമായി നടത്തുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാൻ മത്സരിക്കണം എന്ന് പാർട്ടി തീരുമാനിക്കുകയാണെങ്കിൽ അത് കേരളത്തിൽ എവിടെയാണെങ്കിലും പാർട്ടിയുടെ തീരുമാനപ്രകാരമുള്ള സീറ്റിൽ മത്സരിക്കാൻ തീർച്ചയായിട്ടും ഞാൻ സന്നദ്ധനാവും.
തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം
തൃശ്ശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലം എന്നു ഞാൻ ഉദ്ദേശിച്ചത് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള രീതിയിലല്ല. തൃശ്ശൂർ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഏറെ അടുപ്പമുള്ള ഒരുപാട് സുഹൃത്തുക്കളുള്ള ഒരു സ്ഥലമാണ്. അതുപോലെ സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനം എന്നുള്ള നിലയ്ക്കും കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപര്യമുള്ള ഒരു വ്യക്തി എന്നുള്ള നിലയ്ക്കും ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ ഇഷ്ടപ്പെടുന്ന ഒരാൾ എന്നുള്ള നിലയ്ക്കും തൃശ്ശൂരുമായിട്ട് വല്ലാത്തൊരു വൈകാരിക അടുപ്പമുണ്ട്. അവിടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ എനിക്ക് വലിയ സുഹൃത്ബന്ധങ്ങളുമുണ്ട്. സംഘടനാ രംഗത്തും ഞാൻ നേരത്തെയും ഇപ്പോഴും തൃശ്ശൂർ ജില്ലയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എനിക്കിപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമായിട്ട് തൃശ്ശൂർ ജില്ലയിലാണ് ചാർജ് ഉള്ളത്. അപ്പോള്‍ സ്വാഭാവികമായിട്ടും ഒരു വൈകാരികമായിട്ടുള്ള ഒരു ഹൃദയബന്ധം തൃശ്ശൂരുമായി ഏറെക്കാലമായുണ്ട്. ആ പരാമർശനത്തെ അത് ഏതെങ്കിലും തരത്തിൽ അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നുള്ള ഉദ്ദേശത്തോടുകൂടിയല്ല.
നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ വരും
ഈ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരു അടിസ്ഥാനത്തിലാണല്ലോ യുഡിഎഫ് 80 സീറ്റ് വരെ നേടുമെന്ന് കേള്‍ക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരത്തിന്റെ ഒരു ഭാഗികമായിട്ടുള്ള പ്രതികരണം മാത്രമാണ് ജനങ്ങൾ നടത്തിയിട്ടുണ്ടാവുക. പൂർണ്ണാർത്ഥത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ഒരു ജനവികാരം അരയടിക്കാൻ പോകുന്നത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലാണ്. അതുകൊണ്ട് തന്നെ ഈ 80-ൽ നിന്നും തീർച്ചയായിട്ടും നമ്പർ ഉയരും. അത് നൂറിലധികം സീറ്റുകളുമായിട്ട് യുഡിഎഫ് അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ശക്തമായിട്ടുള്ള യുഡിഎഫ് തരംഗം സംസ്ഥാനത്തുണ്ട്. അത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടമായിട്ടുണ്ടാകും.
കുട്ടിക്കാലത്ത് ഒരു ഇടതുപക്ഷ ലൈന്‍ ഉണ്ടായിരുന്നു
എന്‍റെ വീടിന് അടുത്ത് താമസിച്ചിരുന്ന ഒരു രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നു. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ഒരു കമ്മ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. അദ്ദേഹവുമായി എല്ലാ ദിവസവും ഞാൻ രാഷ്ട്രീയം പറയുമായിരുന്നു. അല്പം തർക്കുകയും ഒക്കെ ചെയ്യുന്ന സ്വഭാവം എനിക്ക് പണ്ടേ ഉണ്ടായിരുന്നു. പക്ഷേ ആ ഒരു തർക്കങ്ങളിൽ നിന്നു പോലും എനിക്ക് ഇടതുപക്ഷത്തോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ സ്ഥിരമായി നടക്കാറുണ്ടായിരുന്നു. അന്ന് കുട്ടികളായിരുന്ന ഞങ്ങളൊക്കെ പരിഷിത്തിന്‍റെ ക്ലാസുകളില്‍ പങ്കെടുക്കുകയും യൂറേക്ക പോലെയുള്ള പരീക്ഷകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ശാസ്ത്ര വിഷയങ്ങളിലൊക്കെ താല്‍പര്യം ഉണ്ടായിരുന്നു എന്നതിനാല്‍ ഞാന്‍ അത്തരം പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നു. അങ്ങനെ ശാസ്ത്ര സാഹത്യ പരിഷത്തിനോട് തോന്നിയ താല്പര്യം ഒരു ഇടതുപക്ഷക്കാരനോട്, ഒരു ഇടതുപക്ഷത്തോട് തോന്നാവുന്ന ഒരു അഭിനിവേശം ഉണ്ടാക്കിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ഒരു സാഹചര്യവും ഉണ്ടായി. രാജ്യത്ത് 90കളുടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അന്ന് ഇന്ത്യയുടെ പ്രതീക്ഷയായി മാധ്യമങ്ങളടക്കം അവതരിപ്പിച്ച നേത്യത്വമായിരുന്നു അടല്‍ ബിഹാരി വാജ്പേയുടേത്. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും മറ്റും കേട്ട് വലിയ താല്പര്യം തോന്നി. അങ്ങനെയാണ് ബിജെപിയിലേക്ക് എത്തിയത്.
ഇത്രയും കാലം ബിജെപിയില്‍ പ്രവര്‍ത്തിച്ചതില്‍ ജാള്യത തോന്നുന്നു
ഞാന്‍ പറഞ്ഞല്ലോ മുമ്പ് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയുടെ പ്രസംഗങ്ങളും മറ്റും കേട്ട് അദ്ദേഹത്തോടുള്ള ആരാധന കൊണ്ടാണ് ബിജെപിയിലേക്ക് എത്തിയത്. വാജ്പേയ് ബിജെപിയുടെ ഒരു സോഫ്റ്റ് ഫേസ് ആയിരുന്നു. ഞാൻ ഫോളോ ചെയ്ത ഒരു പൊളിറ്റിക്കൽ ലൈനും അതു തന്നെയായിരുന്നു. പക്ഷേ പലപ്പോഴും പല വിഷയങ്ങളും വരുന്ന സമയത്ത് ഏത് നിലപാട് എടുക്കണം എന്ന് സംബന്ധിച്ചൊക്കെ വലിയ പ്രയാസം ബിജെപിക്കകത്ത് ഉണ്ടാവാറുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ സാമൂഹിക പരിസരം എന്ന് പറയുന്നത് ധാരാളം മുസ്ലിം വിഭാഗത്തിൽപ്പെട്ട സുഹൃത്തുക്കളുള്ള പ്രദേശമാണ്. ബാല്യകാല സുഹൃത്തുക്കൾ അടക്കമുള്ളവരുണ്ട്. അവരോടൊക്കെ വലിയ സൗഹൃദവും സ്നേഹവും ഒക്കെയുള്ള ഒരു കുടുംബ പശ്ചാത്തലവും ഒക്കെയാണ്. അപ്പോള്‍ പലപ്പോഴും പാർട്ടിയുടെ ഭാഗമായി സ്വീകരിക്കേണ്ടി വരുന്ന നിലപാടുകൾ എനിക്ക് വലിയ വിഷമം ഉണ്ടായിട്ടുണ്ട്. പല സാഹചര്യങ്ങളിലും ഞാന്‍ സങ്കടപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി പോലുള്ള പാർട്ടിക്ക് അകത്ത് നിന്ന് പ്രവർത്തിക്കുന്ന സമയത്ത് ഒരു പൊതുപ്രവർത്തകന്‍ എന്ന നിലയ്ക്ക് മുന്നോട്ട് പോകുന്ന സമയത്ത് നമുക്കത് എപ്പോഴും തുറന്നു പറയാനോ ഒന്നും പറ്റാത്ത സാഹചര്യവും പാർട്ടിക്കകത്ത് ചർച്ച ചെയ്യാനോ പാർട്ടിക്കകത്ത് അഭിപ്രായം പറയാനോ കഴിയാത്ത ഒരു സാഹചര്യവുമുണ്ടായിരുന്നു. ഒരു ജനാധിപത്യപരമായിട്ടുള്ള ഒരു സ്പേസ് ബിജെപിക്ക് അകത്തില്ല. ബിജെപിക്ക് അകത്ത് അത്തരം ചർച്ചകൾക്ക് പ്രാധാന്യമില്ല, പ്രസക്തിയില്ല. അവിടെ ഒരു കേന്ദ്രത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഉത്തരവുകൾ യാന്ത്രികമായിട്ട് നടപ്പാക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള, വിധിക്കപ്പെട്ടിട്ടുള്ള ആളുകൾ മാത്രമാണ് അതിലുള്ള ഭാരവാഹികൾ എന്ന് പറയുന്നവർ. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അകത്ത് ചർച്ച ചെയ്യാമായിരുന്നില്ലേ എന്ന് നിഷ്കളങ്കരായിട്ടുള്ള ബിജെപി പ്രവർത്തകർ ചോദിക്കാറുണ്ട്. പക്ഷേ അവർക്കറിയില്ല, ബിജെപിയുടെ ഉന്നത തലങ്ങളിൽ എവിടെയും അത്ര ജനാധിപത്യപരമായ ചർച്ചയ്ക്ക് ഒരു സ്പേസില്ല എന്നോ ഇത്തരം തീരുമാനങ്ങളൊക്കെ ഏകപക്ഷീയമായിട്ട് എടുക്കപ്പെടുകയാണെന്നൊന്നും അറിയാത്തവരാണ് അവർ. അവര് നിഷ്കളങ്കരാണ്. അതുകൊണ്ടാണ് അവര് പലപ്പോഴും അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിൽക്കേണ്ടി വരുന്നതിൽ ജാള്യതയും പ്രയാസവും ഒക്കെ എനിക്കുണ്ടായിരുന്നു. പക്ഷേ നമുക്ക് എന്ത് പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടെങ്കിലും പലപ്പോഴും നമ്മൾ അത്തരം സ്ഥലങ്ങളിൽ തന്നെ സ്റ്റിക്ക് ഓൺ ചെയ്യാൻ വേണ്ടി ശ്രമിക്കും. നമ്മൾ ഒരു നിലപാട് എടുത്തു പോയല്ലോ. ആ നിലപാട് എടുത്തു പോയതിന്‍റെ പേരിൽ നമ്മൾ അവിടെ തന്നെ നിലനിൽക്കാൻ വേണ്ടി പരമാവധി ശ്രമിക്കും. പക്ഷേ ഒരു പ്രത്യേക ഘട്ടം വന്നപ്പോള്‍ ഇത്തരം പ്രയാസങ്ങളൊക്കെ മനസ്സിലുള്ള ഒരാൾ എന്നുള്ള നിലയ്ക്ക് ഒരു പ്രത്യേക ഘട്ടത്തിൽ, അതായത് ഒരു വിഷയം പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായപ്പോള്‍ ദിസ് ഈസ് ദ റൈറ്റ് ടൈം ടു ലീവ് എന്ന് തോന്നി. എന്ത് ചെയ്യണം എന്ന് സംബന്ധിച്ച് ആശങ്കയും ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു ദിവസം മൗനം പാലിക്കുകയും പിന്നീട് സംഘടന വിട്ടു പോകാൻ സമയമായി എന്ന് തീരുമാനിക്കുകയും ഇറങ്ങുകയുമാണ് ചെയ്തത്.
ശബരിമല സ്വര്‍ണ കടത്തും നിയമസഭാ തെരഞ്ഞെടുപ്പും
ശബരിമല സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസിലേക്ക് നടന്ന സമരത്തിൽ പങ്കെടുത്ത് 10 ദിവസം ജയിലിൽ കിടന്ന ആളാണ് ഞാൻ. കോടിക്കണക്കിന് അയ്യപ്പ വിശ്വാസികളുടെ ഹൃദയവികാരത്തെ വല്ലാതെ വ്രിണപ്പെടുത്തിയിട്ടുള്ള ഒരു സംഭവമാണ് ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം. ഭക്തർ കാണിക്കയായി സമർപ്പിച്ചിട്ടുള്ള സ്വർണ്ണമടക്കമുള്ള അമൂല്യ വസ്തുക്കളൊക്കെ ശബരിമലയിൽ നിന്ന് കൊള്ള ചെയ്യപ്പെടുന്നു എന്നുള്ള ഒരു വിവരം വാസ്തവത്തിൽ വല്ലാതെ ഭക്തരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്, വിഷമത്തിലാക്കിയിട്ടുണ്ട്. അതിന് സിപിഎമ്മിന്റെ നേതാക്കൾ നേതൃത്വം കൊടുത്തു എന്നുള്ളതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഇത് ഒരിക്കലും സർക്കാരിന്റെ ഏതെങ്കിലും ഏജൻസി അന്വേഷിച്ച് കണ്ടെത്തിയതല്ല. മറിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഒരു ഇടപെടലോട് കൂടിയിട്ടാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്നതും ഇതിന്റെ വസ്തുതകൾ പുറത്തുവരുന്ന സാഹചര്യം ഉണ്ടായതും തുടര്‍ന്ന് പലരെയും ചോദ്യം ചെയ്തതും പലരും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതും. അതിനാല്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ഈ കേസില്‍ സർക്കാരിൽ നിന്നൊരു കനത്ത സമ്മർദ്ദം എസ്ഐടിയുടെ മേൽ ഉണ്ടോയെന്നും ഞങ്ങള്‍ സംശയിക്കുന്നു. ശരിക്കും ഇത് അന്വേഷിക്കേണ്ടത് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര അന്വേഷണ ഏജൻസിയാണ്. അതാണ് യുഡിഎഫിന്റെ അന്നത്തെയും ഇന്നത്തെയും നിലപാട്. അതിലേക്കാണ് കാര്യങ്ങൾ പോകുന്നതും.
ഒരു ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു
പൊതുവേ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാവുകയും അസംബ്ലി ഒക്കെ വരുന്ന സമയത്ത് യുഡിഎഫ് കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നതുമാണ് കേരളത്തിന്റെ ഒരു പൊളിറ്റിക്കൽ പാറ്റേൺ എന്ന് പറയുന്നത്. പക്ഷേ, ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇടതുപക്ഷത്തിന്റെ ഓർഗനൈസേഷണൽ ആയിട്ടുള്ള അവരുടെ അപ്പർ ഹാൻഡിനെ പരിപൂർണ്ണമായും ഇല്ലാതാക്കിയ ഒരു തെരഞ്ഞെടുപ്പ് റിസൾട്ട് ആണ് വന്നിട്ടുള്ളത്. അവിടെ ഇടതുപക്ഷത്തിന്റെ കേഡർ സിസ്റ്റത്തിനോ അവരുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനോ യാതൊരു തരത്തിലും സ്വാധീനിക്കാൻ കഴിയാതെ ഇത് പൂർണ്ണമായും യുഡിഎഫിന് ഫേവറബിൾ ആയിട്ടുള്ള ഒരു പൊസിഷനിലേക്ക് വന്നു എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് വിജയിക്കുന്ന സാഹചര്യം ഉണ്ടായത്. കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം യുഡിഎഫ് വിജയിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. കേരളത്തിലെ കോർപ്പറേഷനുകൾ ചരിത്രത്തിൽ ആദ്യമായിട്ട് നാല് കോർപ്പറേഷനുകളിൽ യുഡിഎഫ് അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടായത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം എന്ന് പറയുന്നത് കൊല്ലം കോർപ്പറേഷന്റെ മാറ്റമാണ്. അത് വല്ലാത്ത ആവേശം ഞങ്ങളില്‍ സൃഷ്ടിക്കുന്നുണ്ട്. പിന്നെ മറ്റൊന്ന് കോഴിക്കോട് അധികാരത്തിൽ എത്താൻ പറ്റിയിട്ടില്ലെങ്കിൽ പോലും യുഡിഎഫ് നടത്തിയിട്ടുള്ള മുന്നേറ്റവും സമാനതകളില്ലാത്ത മുന്നേറ്റമാണ്. വളരെ ചെറിയ ഒരു വോട്ടിനാണ് കോഴിക്കോട് കോർപ്പറേഷൻ നഷ്ടപ്പെടുന്നത്. കോഴിക്കോട് കോർപ്പറേഷൻ കൂടി എൽഡിഎഫിന് കിട്ടിയിരുന്നില്ലായിരുന്നെങ്കിൽ അവർക്ക് നാണം മറയ്ക്കാൻ ഒരു കോർപ്പറേഷൻ പോലും കേരളത്തിൽ ബാക്കിയുണ്ടാകുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നൽകുന്നത് കണക്കുകളിലെ ആത്മവിശ്വാസത്തിലുപരി സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായിട്ടുള്ള വലിയ ജനവികാരമാണ്. നിത്യേന ഞങ്ങള്‍ കാണുന്ന ജനങ്ങൾ ഞങ്ങളോട് ആവശ്യപ്പെടുന്നത് എങ്ങനെയെങ്കിലും ഈ സർക്കാരിനെ ഒന്ന് പുറത്താക്കി കേരളത്തെ രക്ഷിക്കണം എന്നുള്ളതാണ്. അതുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയുടെ അടിസ്ഥാനം എന്ന് പറയുന്നതും.
യുഡിഎഫില്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുക!
ഒരുപാട് നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയിൽ ഉണ്ട്. അത് വാസ്തവത്തിൽ ഞങ്ങളുടെ ദൗർബല്യമല്ല, മറിച്ച് ഞങ്ങളുടെ കരുത്താണ്. മറുപക്ഷത്ത് സിപിഎമ്മില്‍ ഒരു പിണറായി വിജയൻ മാത്രമാണ് മുഖ്യമന്ത്രിയാവാൻ യോഗ്യനെന്ന് അവര്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. അവിടെ ഉദാഹരണത്തിന് ഇ. പി. ജയരാജനെ പോലെ, എം. എ. ബേബിയെ പോലെ, എ. കെ. ബാലനെ പോലെയുള്ള സീനിയർ ആയിട്ടുള്ള നേതാക്കൾക്ക് മുഖ്യമന്ത്രിയാകണം എന്ന് സ്വയം ആഗ്രഹിക്കാൻ പോലും കഴിയാത്ത സാഹചര്യമല്ലേ? അവിടെ ജനാധിപത്യപരമായ ഒരു സ്പേസ് ഇല്ലാത്തതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാകണം എന്നൊരു ആഗ്രഹം പ്രകടിപ്പിക്കാനുള്ള സാഹചര്യം പോലും സിപിഎമ്മിനകത്തില്ല. മറുവശത്ത് കോൺഗ്രസ് ഒരു വിശാലമായ ജനാധിപത്യ പ്ലാറ്റ്ഫോമാണ്. ഞങ്ങൾക്ക് വളരെ വൈബ്രന്റ് ആയിട്ടുള്ള ഡൈനാമിക് ആയിട്ടുള്ള പാൻ കേരള ഇമേജ് ഉള്ള, പിന്തുണയുള്ള ഒരു പിടി നേതാക്കളുണ്ട്. അത് ഞങ്ങളുടെ കരുത്താണ്. ആ കരുത്തിനെ മുൻനിർത്തിയാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുക. അത് വളരെ ഐക്യത്തോടുകൂടി തീരുമാനിക്കാൻ കഴിയുന്ന ഒരു സംഘടനാ സംവിധാനം ഞങ്ങൾക്കുണ്ട്. അതിലൊന്നും ഒരു തർക്കത്തിന്റെയും ആവശ്യമേ ഉയരുന്നില്ല.
യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങള്‍
ശബരിമല വിഷയത്തിന് പുറമേ പാവപ്പെട്ടവന്‍റെ സമ്പത്ത് പോക്കറ്റ് അടിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ സമീപനം, ഇവിടുത്തെ ഭൂനികുതി അടക്കം, വീട്ടു നികുതി, വെള്ളക്കരം, വൈദ്യുതി ചാർജ് അടക്കം എല്ലാം വർദ്ധിപ്പിച്ച് നിത്യജീവിതത്തിൽ ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കിയിട്ടുള്ള സർക്കാരിന്‍റെ നയം തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുക. അതോടൊപ്പം ആഭ്യന്തരവകുപ്പിന്റെ കനത്ത പരാജയം, സംഘപരിവാർ വിധേയത്വം, ആർഎസ്എസ് വിധേയത്വം, സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര ഇതൊക്കെ തീർച്ചയായിട്ടും ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. പിണറായി വിജയൻ ഇവിടെ നരേന്ദ്ര മോദി സർക്കാർ ഔട്ട്സോഴ്സ് ചെയ്യുന്ന പ്രൊജക്ടുകൾ നടത്താക്കുന്ന ഒരു ഔട്ട്സോഴ്സിങ് ഏജൻസി ആയിട്ട് മാറുകയാണ്. മറ്റൊന്ന് കേരളത്തിലെ വിവിധ സെക്ടറുകളിൽ സംഭവിച്ചിട്ടുള്ള കഴിഞ്ഞ 10 വർഷക്കാലത്തെ തകര്‍ച്ച, പ്രത്യേകിച്ച് ആരോഗ്യമേഖല തകർന്ന് തരിപണമായിരിക്കുന്നു. ഇവിടുത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ചികിത്സിക്കാൻ മരുന്നില്ല, കുട്ടികൾക്ക് ഓപ്പറേഷൻ നടത്താൻ പോലും കഴിയുന്നില്ല എന്നൊക്കെ പറഞ്ഞ് വിഷമിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത് ഈ സംസ്ഥാന സർക്കാരിന്റെ തന്നെ പ്രചാരകൻ എന്നുള്ള നിലയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിരുന്ന ഡോക്ടർ ഹാരിസിനെ പോലെയുള്ള ആളുകളാണ്. അപ്പോൾ ആരോഗ്യമേഖലയില്‍ സമഗ്രമായ ഒരു തകർച്ച സംഭവിച്ചിട്ടുണ്ട്. ആരോഗ്യമേഖലയെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. കേരളം ഒരുകാലത്ത് അഭിമാനത്തോടെ പറഞ്ഞിരുന്ന ആരോഗ്യമേഖലയുടെ മുന്നേറ്റം നമുക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. മറ്റൊന്ന് വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചിട്ടുള്ള മൂല്യ ശോഷമാണ്. ചെറുപ്പക്കാരായിട്ടുള്ള ആളുകളൊക്കെ പുറത്തേക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. നമ്മുടെ കോഴ്സുകളെ ഇന്നത്തെ കാലത്തിനനുസരിച്ചുള്ള കോഴ്സുകളായി പരിഷ്കരിക്കുകയും നമ്മുടെ യൂണിവേഴ്സിറ്റികളെ പരിഷ്കരിക്കുകയും വേണം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ ഈ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ചെറിയ പോർട്ടുകൾ ഡെവലപ്മെന്‍റ് നടത്തേണ്ടതുണ്ട്. വൻകിട പ്രൊജക്റ്റുകളുടെ ആവശ്യം കൂടി കേരളത്തിനുണ്ട്. യുഡിഎസ് നേരത്തെ അധികാരത്തിലുള്ള സമയത്ത് വിഭാവനം ചെയ്ത പദ്ധതികളാണ് ഇന്നും കേരളത്തിലെ പ്രധാനപ്പെട്ട പദ്ധതികളാണ് നിലകൊള്ളുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് ആണെങ്കിലും വിഴിഞ്ഞം സീപോർട്ട് ആണെങ്കിലും കേരളത്തിലെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ആണെങ്കിലും കൊച്ചി മെട്രോ ആണെങ്കിലും. ഇന്ന് കേരളത്തിൽ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ദൃഷ്ടിഗോചരമായിട്ടുള്ള സകലമാന വികസന പദ്ധതികളുടെയും തുടക്കം കുറിച്ചിട്ടുള്ളതും അത് സാക്ഷാത്കരിച്ചിട്ടുള്ളതും യുഡിഎഫ് സർക്കാരുകൾ ആയിരുന്നു. അതുപോലെതന്നെ കേരളത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താൻ കഴിയുന്ന വലിയ വികസന പദ്ധതികൾ കൂടി ഇവിടെ ആവശ്യമുണ്ട്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനമായിട്ട് മാറ്റാനുള്ള നയപരിപാടികൾ യുഡിഎഫിന്‍റെ കൈവശമുണ്ട്.
വാഗ്ദാനങ്ങള്‍ വരും ദിവസങ്ങളില്‍!
ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ കുറെ മാസങ്ങളായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ ആവശ്യമുണ്ട്. അത് ഏറ്റവും ആദ്യത്തെ ദിവസം തന്നെ പരിഹരിക്കും. അതുപോലെ അടിസ്ഥാനപരമായിട്ടുള്ള നിരവധി പ്രശ്നങ്ങളുണ്ട്. അതുപോലെതന്നെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്ന് പരിപൂർണ്ണമായി പിൻമാറിയിട്ടുള്ള ഒരു സർക്കാരാണ് ഇടതുപക്ഷ സർക്കാർ. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ഇവിടെ ഉണ്ടായിരുന്ന കാരുണ്യ ബനവലന്‍റ് ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ഒരു പുനരുജ്ജീവനം ആവശ്യമുണ്ട്. തീർച്ചയായിട്ടും സാമൂഹിക സുരക്ഷാ രംഗത്തും ഒരു വലിയ ഇൻവെസ്റ്റ്മെന്റ് തീർച്ചയായിട്ടും ഉണ്ടാകും. ജനങ്ങൾക്ക് അത്യാവശ്യം വലിയ രോഗങ്ങൾ വരുന്ന സമയത്ത് ചികിത്സിക്കാനുള്ള സഹായം സംസ്ഥാന സർക്കാരില്‍ നിന്നും കിട്ടുന്ന സാഹചര്യം ഉണ്ടാകും. കൂടുതല്‍ കാര്യങ്ങള്‍ ഇനി വരും ദിവസങ്ങളില്‍ നേത്യത്വം അറിയിക്കും. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്ന് പിന്മാറുകയും സർക്കാർ സേവന തൽപരത കൈവിടുകയും ചെയ്ത 10 വർഷങ്ങളാണ് കടന്നുപോയത്. അതുകൊണ്ട് തന്നെ അതിൽ ഒരു മാറ്റമുണ്ടാകും എന്ന ഒരു കാര്യം ഇപ്പോള്‍ ഉറപ്പ് പറയുന്നു.
