Asianet News MalayalamAsianet News Malayalam

കെടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന നേതാവ് സത്താർ പന്തല്ലൂർ

യുഎഇയിൽ നിന്ന് ഖുറാൻ കൊണ്ട് വന്നത് അന്വേഷിക്കണമെന്ന് പറഞ്ഞ് എംപിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് നല്ല കാര്യമല്ലെന്നും സത്താർ 

Sathar Panthallur gave indirect support to KT Jaleel
Author
Malappuram, First Published Sep 16, 2020, 6:57 PM IST

മലപ്പുറം: എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന വിഭാഗം നേതാവ് സത്താർ പന്തലൂർ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മതത്തേയും മതചിഹ്നങ്ങളേയും വേട്ടയാടുകയാണെന്ന് സത്താർ ആരോപിച്ചു. യുഎഇയിൽ നിന്ന് ഖുറാൻ കൊണ്ട് വന്നത് അന്വേഷിക്കണമെന്ന് പറഞ്ഞ് എംപിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് നല്ല കാര്യമല്ലെന്നും സത്താർ തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. നിലപാട് വ്യക്തിപരമാണെന്ന് സത്താർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രി കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കട്ടെയെന്നും കുറിപ്പിലുണ്ട്.

സത്താറിന്റെ ഫെയ്സ്ബുക് കുറിപ്പ്

"ഖുർആന്റെ മറവിൽ ഇതു വേണോ ...
സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി ഒരു മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള സമരങ്ങൾ ശക്തമായി നടക്കുകയാണല്ലോ. രാഷ്ട്രീയത്തിൽ ഇത്തരം ആരോപണങ്ങളും സമരങ്ങളും പതിവ് കാഴ്ചയാണ്. അത് അതിൻ്റെ വഴിക്ക് നടക്കട്ടെ. മന്ത്രി കുറ്റക്കാരനാണെങ്കിൽ രാജിമാത്രമല്ല, തക്ക ശിക്ഷയും വേണം.
എന്നാൽ, ഇതിൻ്റെ മറവിൽ വിശുദ്ധ ഖുർആനെ അവഹേളിക്കാനും, കേരളവും യു.എ.ഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ഇവിടെ ശ്രമങ്ങൾ നടക്കുന്നു. അതിൻ്റെ ഭാഗമാണ് 'ഈത്തപ്പഴവും ഖുർആനും വിതരണം ചെയ്ത് ജിഹാദ് നടത്തുകയാണ്' എന്ന സംഘ് പരിവാർ പ്രചാരണം. മുമ്പൊരു വിവാദത്തിൽ മന്ത്രി ജയരാജനെ വേഗത്തിൽ രാജിവെപ്പിച്ചത് അദ്ദേഹം,  ഹിന്ദുവായത് കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദമന്ത്രിയെ മുന്നണി സംരക്ഷിക്കുന്നത് മുസ് ലിം ആയത് കൊണ്ടാണെന്നും ചാനലുകളിൽ വന്നിരുന്നു ഇവർ പച്ചക്ക് വർഗീയത വിളമ്പുന്നു. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങൾ ഖുർആൻ പ്രതീകാത്മക കാർട്ടൂൺ വരച്ച് അതിലേക്ക് ചൂണ്ടി 'ഇതെല്ലാം കെട്ടുകഥയാ'ണെന്ന് ഷാർലി എബ്ദോ മോഡൽ സംസാരിക്കുന്നു. സമരങ്ങളിൽ സൂക്ഷ്മത പാലിക്കണമെന്നു പറയുമ്പോൾ എങ്കിൽ സ്വർണക്കടത്തിൽ അവരുടെ ബന്ധവും അന്വേഷിക്കണമെന്ന് പോലും പറയുന്നു. യു.എ.ഇ യിൽ നിന്ന് ഖുർആൻ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞു എം.പിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു.

ഇത് നല്ലൊരു കീഴ് വഴക്കമല്ല. ഈ വിഷയത്തെ മതവുമായി ബന്ധപ്പെടുത്തുന്നതും, ആ നിലക്ക് ചർച്ച കൊണ്ടു പോവുന്നതും മലയാളക്കരക്ക് അന്നം തരുന്ന യു.എ.ഇയുമായുള്ള നമ്മുടെ ബന്ധം വഷളാക്കുമെന്നു മാത്രമല്ല, ഭാവിയിൽ യു.എ.ഇ ബന്ധമുള്ള എല്ലാവരെയും സംശയത്തിൻ്റെ കണ്ണോടെ മാത്രം കാണാൻ ഇടവരുത്തുകയും ചെയ്യും. 'ഖുർആൻ്റെ മറവിൽ സ്വർണം കടത്തി' എന്ന ആരോപണം ശരിയാണെങ്കിൽ അത് തെളിയിക്കപ്പെടുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിൻ്റെ മറവിൽ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങൾ അനുവദിച്ചുകൂടാ."

Follow Us:
Download App:
  • android
  • ios