Asianet News MalayalamAsianet News Malayalam

സത്യദേവിനെ അടിയറവ് പറയിപ്പിച്ച് കേരള പൊലീസ്; കൊടുംകുറ്റവാളിയെ വലയിലാക്കിയത് ദില്ലിയിൽ നിന്ന്

നാല് മണിക്കൂറിനിടെ കൊല്ലം നഗരത്തിൽ ഉൾപ്പെടെ ആറിടത്ത് മോഷണം നടത്തിയ പ്രതിയെ തന്ത്രപരമായാണ് പൊലീസ് പിടി കൂടിയത്. നേരത്തെ ഹൈദരാബാദ് പോലീസ് സംഘം സത്യദേവിനെ വലയിലാക്കിയിരുന്നെങ്കിലും ഗുണ്ടാസംഘം തോക്കും മാരകായുധങ്ങളുമായെത്തി പോലീസിനെ ആക്രമിച്ച ശേഷം ഇയാളെ മോചിപ്പിച്ചിരുന്നു. എന്നാൽ പ്രതിയെ ദില്ലിയിൽ നിന്ന് പിടികൂടി കൊല്ലത്തെത്തിക്കാൻ കേരള പൊലീസിന് കഴിഞ്ഞു.
 

sathya dev taken to kollam by kerala police
Author
Kollam, First Published Oct 7, 2019, 3:43 PM IST

കൊല്ലം: കൊല്ലത്ത്  തോക്ക് ചൂണ്ടി ആറിടങ്ങളില്‍ നിന്ന് മാല കവര്‍ന്ന കേസിലെ മുഖ്യ പ്രതിയും കൊടുംകുറ്റവാളിയുമായ ദില്ലി സ്വദേശി സത്യദേവിനെ കൊല്ലത്തെത്തിച്ചു. സായുധ പൊലീസിന്‍റെ സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. നാലംഗ സംഘം ഉള്‍പ്പെട്ട കവര്‍ച്ചാകേസിലെ മുഖ്യ ആസൂത്രകനാണ് പിടിയിലായ സത്യദേവ്. ദില്ലിയില്‍ നിന്ന് സത്യദേവിനെ ഇന്നലെയാണ് കേരള പോലീസ് പിടികൂടിയത്.

എ സി പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികൾ ദില്ലി സ്വദേശികളാണെന്ന് വ്യക്തമായത്. മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയായിരുന്നു പിടിച്ചുപറി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു തെരച്ചിൽ നടത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പക്ഷെ പ്രതികളെ വിടാൻ പൊലീസിന് ഉദ്ദേശമുണ്ടായിരുന്നില്ല. സ്‌കോര്‍പ്പിയോ വാഹനത്തില്‍ കേരളത്തില്‍ എത്തിയ സംഘം തിരികെ ദില്ലിയില്‍ എത്തിയപ്പോഴേക്കും പോലീസും അവിടെ എത്തി. തുടര്‍ന്ന് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.

കൊലപാതക കേസുകളിലും ആയുധ വ്യാപാര കേസുകളിലും  പ്രതിയാണ് പിടിയിലായ സത്യദേവ് . ആയുധമേന്തിയ അംഗരക്ഷകരുടെ സംരക്ഷണയിലാണ് സത്യദേവിന്‍റെ സഞ്ചാരം. ഇവരുടെ ഇടയിൽ നിന്നാണ് ദില്ലി പൊലീസിന്‍റെ സഹായത്തോടെ എഴുകോണ്‍ എസ്ഐയുടെ നേതൃത്വത്തിലുളള സംഘം ഇയാളെ തന്ത്രപരമായി പിടികൂടിയത്. ഒരു ആവശ്യത്തിനെന്ന പേരില്‍ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ദേഹപരിശോധനയില്‍ തോക്ക് കണ്ടെത്തി. ഒരു ലക്ഷം രൂപയും കണ്ടെടുത്തു.

sathya dev taken to kollam by kerala police

 

ഇയാള്‍ കേരളത്തിലെത്തിയ ഉത്തരാഖണ്ഡ് രജിസ്ട്രേഷനുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ പിൻബലമുള്ളതിനാൽ  ഇയാളെ മോചിപ്പിക്കാൻ ശ്രമം നടക്കുമെന്ന വിവരത്തെ തുടര്‍ന്ന് സായുധ പൊലീസിന്‍റെ സംരക്ഷണയിലാണ് സത്യദേവിനെ വിമാനത്താവളത്തിലെത്തിച്ചത്. ഇയാൾക്കൊപ്പം കൊല്ലത്തെത്തിയ മറ്റ് മൂന്ന് മോഷ്ടാക്കളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്.

വടക്കൻ കേരളത്തില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസുകളുണ്ട് . അതിനാണ് ഇത്തവണ മോഷണത്തിന് തെക്കൻ ജില്ലകള്‍ തെരഞ്ഞെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സത്യദേവ് പിടിയിലായതോടെ ഇയാളുടെ സംഘം ഒളിവിലാണ്. നേരത്തെ ഹൈദരാബാദ് പോലീസ് സംഘം ഒരു ദിവസം സത്യ ദേവിനെ പിടിച്ചിരുന്നെങ്കിലും ഗുണ്ടാസംഘം തോക്കും മാരകായുധങ്ങളുമായെത്തി പോലീസിനെ ആക്രമിച്ച ശേഷം ഇയാളെ മോചിപ്പിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios