കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്‌സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിനെതിരെ  കന്യാ സ്ത്രീകളും സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കോൺസിലും രംഗത്ത്. കേസിൻറെ വിചാരണ അടക്കം ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ പീഡന കേസിൻറെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയിൽ നിന്ന് മാറ്റിയത്. തൊടുപുഴ വിജിലൻസിലേക്കാണ് സ്ഥലം മാറ്റം. എസ്പിയേയും ഡിവൈഎസ്പിയേയും ഒരുമിച്ചു മാറുന്നതിൽ ആശങ്ക ഉണ്ടെന്ന് സിസ്റ്റർ അനുപമ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ  കോട്ടയം ജില്ലയിൽ നിന്നു തന്നെ മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമാണെന്നാണ് സേവ് ഔവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. അതേ ജില്ലയിലെ തന്നെ മറ്റേതെങ്കിലും സ്റ്റേഷനിലേക്കോ ഡിപ്പാർട്ട്മെന്റിലേക്കോ മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് തന്നെ മാറ്റിയതിൽ ദുരൂഹതയുണ്ട്.  ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുർബലം ആക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എസ് ഒ എസ് ആരോപിക്കുന്നു.